ജയില്‍ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി നിയമ മന്ത്രി എ. കെ. ബാലന് പറഞ്ഞു. പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ വകുപ്പ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജയില്‍ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് വലിയ പ്രസക്തിയുണ്ട്. കുറ്റവാളിയെ നല്ല മനുഷ്യനാക്കുക എന്ന ശ്രമകരമായ ജോലിയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ടത്. ജയിലില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ അവരെ രൂപപ്പെടുത്തേണ്ടതുണ്ട്. തടവുകാരുടെ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി ജയിലുകള്‍ മാറണം. തെലുങ്കാന മാതൃകയില്‍ ജയിലുകളോടു ചേര്‍ന്ന് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജയില്‍ വകുപ്പില്‍ 309 തസ്തിക സൃഷ്ടിച്ചു. തടവുകാരുടെ തൊഴിലില്‍ നിന്നുള്ള ലാഭത്തിന്റെ അന്‍പത് ശതമാനം തുക ജയില്‍ വികസന ഫണ്ടിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ ഡി. ജി. പി അലക്സാണ്ടര്‍ ജേക്കബ് അധ്യക്ഷനായ ജയില്‍ പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവന് ഡയറക്ടര്‍ സോമരാജന് അധ്യക്ഷത വഹിച്ചു. നിയമസെക്രട്ടറി ബി. ജി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജയില്‍ ഐ. ജി എച്ച്. ഗോപകുമാര്‍, ഡി. ഐ. ജി ബി. പ്രദീപ് എന്നിവര്‍ സംസാരിച്ചു. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍. ജി. ഒ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
ജയില്‍ നവീകരണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കുന്നു: മന്ത്രി എ. കെ. ബാലന്
Home /പൊതു വാർത്തകൾ/ജയില്‍ നവീകരണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കുന്നു: മന്ത്രി എ. കെ. ബാലന്