കൊച്ചി: നഗരസഭയുടെ കീഴിലുള്ള ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികളായ ശ്രീലക്ഷ്മി, രാധ എന്നിവര്‍ക്ക് ചമ്പക്കര സെന്റ് ജെയിംസ് ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ വിവാഹം.
കഴിഞ്ഞ മൂന്നുവര്‍ഷമായി ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ് ഇരുവരും. പേരാമ്പ്ര മേഞ്ഞ്യാണം വടക്കേക്കമ്പില്‍ ബിജു ശ്രീലക്ഷ്മിയെയും മലപ്പുറം ചേലമ്പ്ര പുല്ലങ്കുന്ന് ആദ്യത്തിനില്ലത്തെ സുരേഷ് രാധയെയും വരണമാല്യം ചാര്‍ത്തി. എംഎല്‍എ പി ടി തോമസ് ചടങ്ങിനെത്തി വധൂവര•ാരെ ആശീര്‍വദിച്ചു.
നേരത്തെ ചമ്പക്കര ഗന്ധര്‍വക്ഷേത്രത്തില്‍ നടന്ന ആചാരപ്രകാരമുള്ള വിവാഹത്തിനുശേഷം സെന്റ് ജെയിംസ് ചര്‍ച്ച് ഓഡിറ്റോറിയത്തിലെത്തിയ വധൂവര•ാരെ അന്തേവാസികളും സുഹൃത്തുക്കളും പൂക്കള്‍ വര്‍ഷിച്ച് സ്വീകരിച്ചു. ഇതുവരെ 13 യുവതികളെയാണ് ചമ്പക്കര മഹിളാമന്ദിരത്തില്‍ നിന്ന് വിവാഹം ചെയ്തയച്ചത്. മന്ദിരത്തില്‍ നിന്ന് ആദ്യം വിവാഹിതയായ മായ ഭര്‍ത്താവ് രാധാകൃഷ്ണനോടും എഴാംക്‌ളാസ് വിദ്യാര്‍ത്ഥിയായ മകളോടുമൊപ്പം ചടങ്ങിനെത്തിയിരുന്നു. മുമ്പ് വിവാഹിതരായ സുഹാനിയും അശ്വതിയും ഭര്‍ത്താക്ക•ാരോടൊപ്പം വധൂവര•ാരെ ആശീര്‍വദിക്കാനെത്തി. സാമൂഹ്യനീതി വകുപ്പ് വിവാഹചെലവുകള്‍ക്കായി ഓരോരുത്തര്‍ക്കും ഓരോ ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ബാക്കി തുക സന്നദ്ധ സംഘടനകളുടെയും കൊച്ചിന്‍ റിഫൈനറി അടക്കമുള്ള സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് കണ്ടെത്തിയത്. നഗരസഭ പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, നഗരസഭ കൗണ്‍സിലര്‍മാരായ എ ബി സാബു, വി പി ചന്ദ്രന്‍, കെ വി പി കൃഷ്ണകുമാര്‍, എലിസബത്ത്, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി എ എസ് അനൂജ, സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസര്‍ പ്രീതി വില്‍സണ്‍, സെന്റ് ജെയിംസ് ചര്‍ച്ച് സഹവികാരി റവറന്റ് ഫാദര്‍ ഡിറ്റോ, മഹിളാമന്ദിരം സൂപ്രണ്ട് സജിത തുടങ്ങിയവര്‍ ചടങ്ങിനെത്തി വധൂവര•ാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.