ക്ഷേമമന്വേഷിച്ച് വിളിച്ചത് 37 ലക്ഷം വയോധികരെ

തിരുവനന്തപുരം : കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പ് വിപുലമായ പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അങ്കണവാടികള്‍ അടച്ചിട്ട സാഹചര്യത്തില്‍ അങ്കണവാടി ജീവനക്കാരെ ഫലപ്രദമായി വിന്യസിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതെന്നും മന്ത്രി വ്യക്തമാക്കി.

അംഗന്‍വാടിയിലെ പ്രീസ്‌കൂള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ പൂരക പോഷണങ്ങളടങ്ങിയ ഭക്ഷണം ടേക്‌ഹോം ആയി പ്രീസ്‌കൂള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വീട്ടില്‍ എത്തിച്ചുനല്‍കി. ഏപ്രില്‍ 15 വരെയുള്ള ഭക്ഷണം എത്തിക്കുകയും തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 15 വരെ ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അംഗന്‍വാടി പ്രവര്‍ത്തകര്‍ ഫോണ്‍ വഴി ആറ് വയസില്‍ താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പാലൂട്ടുന്ന അമ്മമാരുടെയും വയോജനങ്ങളുടെയും വീടുകളില്‍ ഫോണ്‍ വഴി ബന്ധപ്പെടുന്നത് കൂടാതെ ഇവരില്‍ അപകട സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ കണ്ടെത്തുകയും ചെയ്യുന്നു. തനിയെ താമസിക്കുന്ന വയോജനങ്ങളുടെ മേല്‍ എപ്പോഴും ശ്രദ്ധചെലുത്താനും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി. നാളിതുവരെ 37 ലക്ഷം വയോധികരുടെ വിവരങ്ങള്‍ ആരായുകയും ആയത് ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും സാമൂഹ്യനീതി വകുപ്പിനും ജില്ലാ കളക്ടര്‍ക്കും കൈമാറുകയും ചെയ്യുന്നു. മരുന്ന്, കമ്മ്യൂണിറ്റി കിച്ചന്‍ സേവനം, കൗണ്‍സിലര്‍മാരുടെ സേവനം എന്നിവ ആവശ്യപ്പെട്ടവരുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണം, ആരോഗ്യവും എന്നീ വകുപ്പുകള്‍ മുഖേന വേണ്ട സേവനങ്ങള്‍ ലഭ്യമാക്കിവരുന്നു.

വകുപ്പിന്റെ 942 സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, 34 ഐ.സി.പി.എസ്. കൗണ്‍സിലര്‍മാര്‍, 37 ഫാമിലി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടി, ദിശ സംവിധാനങ്ങള്‍ക്ക് വിട്ടുനല്‍കി. 24 മണിക്കൂറും സ്തുത്യര്‍ഹമായ സേവനമാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വയോജന അഗതി മന്ദിരങ്ങളില്‍ സ്ഥിതിവിവരം ആരായാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 797 വയോജന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന് കൈമാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരം നിരീക്ഷണത്തിലുളള ആളുകളെ അംഗന്‍വാടി പ്രവര്‍ത്തകര്‍ ഫോണ്‍ വഴി വിളിച്ച് ക്ഷേമം ആരായുകയും ഇവ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്യുന്നു.

എഫ്.എം. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഷന്‍വാണി, മറ്റു സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി ബോധവത്ക്കരണം നടത്തിവരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ വാട്‌സാപ്പ് വഴി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു.