കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് ആയുർരക്ഷാ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
ആയുർരക്ഷാ ക്ലിനിക്കിന്റെ ജില്ലാ തല പ്രവർത്തനം എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:അബ്ദുൽ മുത്തലിബ് നിർവഹിച്ചു.
60 വയസ്സിന് മുകളിലുള്ളവരെ പ്രേത്യേകം പരാമർശിക്കുന്ന-സുഖായുഷ്യം, സുഖ വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെയുള്ള-സ്വാസ്ഥ്യം,
രോഗ മുക്തി നേടിയവരുടെ പൂർണ ആരോഗ്യത്തിന്-പുനർജ്ജനി,
സർക്കാർ ആയുർവേദ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള സംവിധാനം-നിരാമയ എന്നീ പ്രവർത്തനങ്ങളാണ് ആയുർരക്ഷാ ക്ലിനിക്കിന്റെ ഭാഗമായി നടത്താൻ ഉദ്ദേശിക്കുന്നത്.
കൊറോണ പ്രതിരോധവും ലഘൂകരണവും പുനരധിവാസവും ലക്ഷ്യമിട്ട് ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും ആയുർരക്ഷാ ക്ലിനിക്കുകളുടെ സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സോണിയ ഇ.എ അറിയിച്ചു.
ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ:എൽസി സി.വൈ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി:ജാൻസി ജോർജ് അധ്യക്ഷത വഹിച്ചു.
പ്രധിരോധ ഔഷധ വിതരണം ഭാരതീയ ചികിത്സാ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോ:സിന്ധു , തൃപ്പൂണിത്തുറ എ.ആർ ക്യാമ്പ് സബ് ഇൻസ്‌പെക്ടർ കെ.ടി സുധീർ കുമാറിന് നൽകി നിർവഹിച്ചു.
എൻ.എ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീവൽസ് എൻ വി, എ.എം.എ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:സാദത്ത് ദിനകർ, ഡോ:തോമസ് ജിബിൻ, ജില്ലാ നോഡൽ ഓഫീസർ ഡോ ആനന്ദ് കെ പി, സയന്റിഫിക് കമ്മിറ്റി കൺവീനർ ഡോ അരുൺ കുമാർ വി, എന്നിവർ സംബന്ധിച്ചു.