കൊച്ചി: കോവിഡ് രോഗബാധിതനായ രണ്ടാമത്തെ ആരോഗ്യ പ്രവർത്തകനും ആശുപത്രി വിട്ടു. കോടനാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ കെ അനീഷാണ് വ്യാഴാഴ്ച്ച ഉച്ചയോടെ ആശുപത്രി വിട്ടത്. ഏപ്രിൽ ഒന്നിനാണ് അനീഷിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഏറ്റവും മികച്ച ചികിൽസയും പരിചരണവും കരുതലുമാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്ന് അനീഷ് പറഞ്ഞു. എല്ലാ പിന്തുണയും നൽകിയ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർക്കും ആരോഗ്യവകുപ്പിനും ജനപ്രതിനിധികൾക്കും ജില്ലാ ഭരണകൂടത്തിനും അനീഷ് നന്ദി പറഞ്ഞു.

പതിനാല് ദിവസത്തെ ക്വാറൻ്റീനു ശേഷം തിരികെ ജോലിയിൽ തിരികെ പ്രവേശിക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ക്രീനിങ് ഡെസ്കിലായിരുന്നു മാർച്ച് 21നും 23 നും ഡ്യൂട്ടി. രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകാതെയാണ് അനീഷിന് കോവിഡ് പോസിറ്റീവ് ആയത്. ആദ്യം രോഗം സ്ഥിരീകരിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാറുമായി അടുത്തിടപഴകിയിരുന്നു. അശമന്നൂർ സ്വദേശിയാണ് അനീഷ്.