എറണാകുളം: എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര പഞ്ചായത്തിൽ നീണ്ടൂർ എന്ന സ്ഥലത്ത് അഞ്ച് സെൻ്റിൽ ഇന്ന് വളരുന്നത് രണ്ടായിരത്തോളം മത്സ്യങ്ങളാണ്. സംസ്ഥാനത്തിന് തന്നെ മാതൃകയായി മത്സ്യകൃഷിയിൽ പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് പഞ്ചായത്തിലെ ഏഴംഗ സ്വരാജ് ഗ്രൂപ്പ്. കരിമീൻ, തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ എന്നിവയാണ് കൃഷി ചെയ്യുന്നത്.

125 ചതുരശ്രയടി വിസ്തീർണമുള്ള മൂന്ന് ടാങ്കുകളിലായാണ് കൃഷി. ടാങ്കുകൾ 20,000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളവയാണ്. രണ്ട് ടാങ്കുകളിൽ കരിമീനും ഒരു ടാങ്കിൽ തിലാപ്പിയയുമാണ് കൃഷി ചെയ്യുന്നത്. നാല് മാസം പ്രായമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കഴിഞ്ഞ വർഷം ഡിസംബറോടെ കൃഷി ആരംഭിച്ചു. തിലാപ്പിയ കുഞ്ഞുങ്ങളെ പനങ്ങാട് നിന്നും കരിമീൻ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് വഴിയും ലഭ്യമാക്കി. കുഞ്ഞ് ഒന്നിന് പത്ത് രൂപ നിരക്കിലാണ് വാങ്ങിയത്. 500 തിലാപ്പിയ, 1000 കരിമീൻ എന്നിവ ഉപയോഗിച്ച് കൃഷി ആരംഭിച്ചു. വളരെ ചുരുങ്ങിയ കാലയളവിൽ അഞ്ഞൂറോളം തിലാപ്പിയ കുഞ്ഞുങ്ങളേയും ഇവർക്ക് ലഭിച്ചു. കരിമീന് ഒൻപത് മാസവും തിലാപ്പിയയ്ക്ക് ആറ് മാസവുമാണ് പൂർണ വളർച്ചയെത്താനെടുക്കുന്ന സമയം.

ഒരു ടാങ്ക്, കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾ വലുതായ ശേഷം അവയെ മറ്റ് ടാങ്കിലേക്ക് മാറ്റും. ഒരു ജോഡിയിൽ നിന്നും 1000 മുതൽ 1500 കരിമീൻ കുഞ്ഞുങ്ങളെ വരെ ലഭിക്കും. ഫിഷറീസ് വകുപ്പ് ഇവരുടെ അടുത്ത് നിന്നും കുഞ്ഞുങ്ങളെ വാങ്ങാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പിന്നീട് വകുപ്പ് സബ്സിഡി നിരക്കിൽ മറ്റ് കർഷകർക്ക് അവയെ നൽകും.

പുഴയോട് ചേർന്ന് തീരത്ത് തന്നെയാണ് ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. പുഴയിലെ വെള്ളം റെഗുലേറ്റർ ഉപയോഗിച്ച് ടാങ്കുകളിൽ നിറയ്ക്കുകയും പുറത്തേക്ക് കളയുകയും ചെയ്യുന്നു. 2-3 ദിവസത്തിൽ പുതിയ വെളളം നിറയ്ക്കും. പി.എച്ചിൻ്റെ അളവ് നോക്കിയാണ് വെള്ളം മാറ്റുന്നത്. 8.5ന് മുകളിൽ പി.എച്ച് ലെവൽ കൂടിയാൽ വെള്ളം ഉടനെ മാറ്റും. എല്ലാ ടാങ്കുകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. പത്ത് അടി താഴ്ചയിലാണ് ഇതിൻ്റെ നിർമ്മാണം. ഇതിൽ എട്ടര അടിയോളം മണ്ണിന് താഴെയാണ്. അഞ്ച് മുതൽ അഞ്ചര അടി വരെ വെള്ളം നിറയ്ക്കും. രാവിലെ 6 മണി, ഉച്ചയ്ക്ക് 1.30, വൈകീട്ട് 6 മണി എന്നിങ്ങനെ മൂന്ന് നേരമാണ് മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നത്.

മൂന്ന് ടാങ്കുകളുടെയും നിർമ്മാണം ഉൾപ്പെടെ മൂന്നര ലക്ഷം രൂപയാണ് കൃഷിക്ക് ആകെ ചെലവായത്. രണ്ട് ലക്ഷം രൂപ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ നിന്നും ലോൺ ലഭിച്ചു. സ്വരാജ് ഗ്രൂപ്പ് അംഗമായ ബിന്ദു വിനോദിൻ്റെ പുരയിടത്തിലാണ് കൃഷി. ഷീല സത്യൻ, മിനി സോജൻ, രാഗിണി പ്രമേഷ്, യമുന ചന്ദ്രൻ, ജലജ രവി, വിജയന്തി ഗോപിനാഥ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.