ആലപ്പുഴ : മൂന്നു പതിറ്റാണ്ടിനിപ്പുറം കതിരണിഞ്ഞ പുന്നപ്ര തെക്ക് തടത്തിൽപ്പാടത്ത് നൂറുമേനി വിളവെടുപ്പ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്‌തു. കോവിഡ് 19 പ്രതിരോധ ലോക്ക് ഡൗൺ ആയതിനാൽ സാമൂഹിക അകലം പാലിച്ച് കർശന മുൻകരുതലോടെയാണ് കൊയ്ത്ത്. മുഴുവൻ പാടശേഖരങ്ങളിലേയും വിളവെടുപ്പിന്റെ ചുമതല മന്ത്രിമാരാണ് വഹിക്കുന്നതെന്നും,സിവിൽ സപ്ലൈസ് കാര്യക്ഷമമായ നെല്ലു സംഭരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ആളുകൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കി, ലോക്ക് ഡൗൺ നിബന്ധനകൾ പ്രകാരം നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, അംഗം ആർ രജിമോൻ, സെക്രട്ടറി എസ് ബിജി, കൃഷി ഓഫീസർ ബി ജഗന്നാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാബു, പാടശേഖര സമിതി ഭാരവാഹികളായ സി വി ഉണ്ണി, സെക്രട്ടറി അബ്ദുൾ റസാക്ക്, കർഷകർ, കർഷകതൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

തരിശുഭൂമി കൃഷിയോഗ്യമാക്കണമെന്ന സർക്കാർ നിർദ്ദേശം പാലിച്ച് നൂറ് ദിവസം മുമ്പായിരുന്നു പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ 30 വർഷത്തോളമായി തരിശുകിടന്ന തടത്തിൽ പാടത്ത് ഉത്സവഛായയിൽ വിത്തെറിഞ്ഞത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കിയ 10 ഏക്കറിൽ എൽ എസ് ജി ഡിയുടെ 2.5 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി വിഹിതവും വിനിയോഗിച്ച് നിലമൊരുക്കി. തൊഴിലുറപ്പുതൊഴിലാളികൾ പുറംബണ്ടു ബലപ്പെടുത്തി കയർ ഭൂവസ്ത്രം വിരിക്കുകയും തോടിന്റെ ആഴം കൂട്ടുകയും ചെയ്‌തു. ഇതോടെ കൃഷിയാവശ്യത്തിനു വെള്ളം സുലഭമായി.

പാടത്ത് മോട്ടോർ ഘടിപ്പിക്കുന്നതിന് വൈദ്യുതി ലഭ്യമാക്കാൻ 13 പോസ്റ്റുകൾ സ്ഥാപിച്ചു. പോസ്റ്റുകളിൽ വഴിവിളക്കുകൾ ഘടിപ്പിച്ചതോടെ പതിറ്റാണ്ടുകളായി കാടുപിടിച്ചുകിടന്ന പാടവരമ്പ് നാട്ടുകാർക്ക് സഞ്ചാരയോഗ്യവുമായി. പാടത്തിന്റെ പുറം വരമ്പുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്‌തു. കർഷകരും കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു തൊഴിലാളികളും ഉൾപ്പെടെ നാടൊന്നടങ്കം കൊയ്ത്തുപാട്ടുകളും മറ്റു നാടൻ കലാപരിപാടികളുമൊക്കെയായി വിതഉത്സവം ആഘോഷമാക്കി മാറ്റിയിരുന്നു.