ഇഎസ്‌ഐ ആശുപത്രികളില്‍ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ തയാറാക്കിയ ജൈവ പച്ചക്കറി കൃഷിയിടം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിത മിഷന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കൃഷി രീതി ഇഎസ്‌ഐ ആശുപത്രികളില്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഷരഹിത പച്ചക്കറി ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ നയങ്ങളുടെ ഭാഗമായി പൊതുജനത്തിന് അവബോധം പകരുന്നതിനും നടപടി ഉപകരിക്കും.
സംസ്ഥാനത്തെ എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും ടെറസുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി കൃഷി നടപ്പാക്കും. പച്ചക്കറിക്കൊപ്പം സാധ്യമായ മറ്റു പഴ വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്. പച്ചമുളക്, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകളും ഇതില്‍ ഉള്‍പ്പെടുത്തും. ഫറോക്ക് ആശുപത്രിയില്‍ ഇത്തരത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തിയതായും മന്ത്രി വ്യക്തമാക്കി.
വിളവെടുപ്പില്‍ ലഭ്യമാകുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. അധികം വരുന്ന ഉത്പന്നങ്ങള്‍ കൃഷി വകുപ്പുമായി സഹകരിച്ച് അവര്‍ വില്‍ക്കുന്ന വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഇതേ വിലയ്ക്ക് ആശുപത്രി ജീവനക്കാര്‍ക്കും പച്ചക്കറി ലഭ്യമാക്കുന്നതിന് അവസരമൊരുക്കും.
രോഗം വരാത്ത ഒരു സമൂഹം എന്ന ആശയം നടപ്പാക്കുന്നതിന് ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. ജീവിത ശൈലി രോഗങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നത് തൊഴിലാളികളെയാണ്.
വിഷം കലര്‍ന്ന ഇറക്കുമതി പച്ചക്കറികളില്‍ നിന്നുള്ള മോചനത്തിനൊപ്പം ആവശ്യമായ പച്ചക്കറി വീടുകളില്‍ ഉദ്പാദിപ്പിക്കുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യം കൂടി ഇഎസ്‌ഐ ആശുപത്രികളില്‍ ആരംഭിച്ചിരിക്കുന്ന ജൈവകൃഷി പദ്ധതിക്കുണ്ട്. ജനങ്ങള്‍ സര്‍ക്കാരിന്റെ ജൈവകൃഷി സ്വയംപര്യാപ്തതാ നയത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദീര്‍ഘകാലമായി ഉന്നയിച്ച് തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യവും അവകാശവുമാണ് ഇഎസ്‌ഐ. അത് നീതിപൂര്‍വ്വം അവര്‍ക്ക് ലഭ്യമാക്കുകയെന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ആര്‍. അജിതാ നായര്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുഗന്ധി ഗോപിനാഥ് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.