ആലപ്പുഴ : കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ഒരാഴ്‌ചത്തെ തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കരുതല്‍ സ്‌പർശം എന്ന പദ്ധതി കരിക്കാട് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും മാസ്‌ക്കും ആയുര്‍വേദ പ്രതിരോധ മരുന്നുകളും ലഘുലേഖയും വിതരണം ചെയ്യും.

ഈ മാസം 20, 21 തീയതികളിൽ ഉറവിട നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായി ഓരോ വാര്‍ഡിലും മികച്ച പ്രവർത്തനം നടത്തിയ വീട്ടുടമസ്ഥര്‍ക്ക് തണ്ണീര്‍മുക്കം ക്ലീന്‍ ഹൗസ് അവാര്‍ഡ് നല്‍കും. വീടും പരിസരവും വ്യത്തിയാക്കുന്നതോടൊപ്പം ഉറവിട നിര്‍മ്മാര്‍ജ്ജനത്തിലൂടെ കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടുകയും വേണമെന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മത്സരം. 22 മുതൽ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി പരിശോധന നടത്തി അവാര്‍ഡ് പ്രഖ്യാപിക്കും

സാമൂഹ്യം അകലം പാലിക്കുന്നതുൾപ്പെടെ നിബന്ധനകൾ കർശനമായി പാലിച്ചുനടത്തിയ കരുതൽ സ്‌പർശം ഉദ്ഘാടനത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിനിത മനോജ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി പദ്ധതി വിശദീകരിച്ചു. മറ്റു നാല് കേന്ദ്രങ്ങളിലായി നടന്ന പരിപാടികളില്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രമാമദനന്‍ , സുധര്‍മ്മ സന്തോഷ് , രേഷ്മ രംഗനാഥ്, അംഗങ്ങളായ കെ. ജെ സെബാസ്റ്റ്യന്‍, സനല്‍നാഥ്, സാനുസുധീന്ദ്രന്‍, രമേഷ്ബാബു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരിലാല്‍, ജെ എച്ച് ഐ മാരായ സോണി, തോമസ്, ജതിരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലായി പഞ്ചായത്ത് അസി. സെക്രട്ടറി സുനില്‍കുമാര്‍, സി ഡി എസ് പ്രസിഡന്റ് ശ്രീജ ഷിബു എന്നിവരും പങ്കെടുത്തു.