ആലപ്പുഴ: ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി മാര്‍ച്ച് 28മുതല്‍ ഏപ്രില്‍ 16വരെ 3.35 ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്നു വരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവും നെല്ല് സംഭരണവും അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ല കളക്ടര്‍ എം. അഞ്ജന, വിവിധ വകുപ്പ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ പഞ്ചായത്തുകള്‍ വഴി 266402 പേര്‍ക്കും നഗരസഭകള്‍ വഴി 69351 പേര്‍ക്കും ഇതുവരെ ഭക്ഷണം നല്‍കിയിട്ടുണ്ട്. 71 ശതമാനം സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതുവരെ 20520 അതിഥി തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഒമ്പത് വിഭാഗങ്ങളായി തരംതിരിച്ചാണ് ഭക്ഷണം വിതരണം നടക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 79ഉം നഗരസഭകളിലായി 14ഉം ഉള്‍പ്പടെ 93 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച് പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഭരണിക്കാവ്, പത്തിയൂര്‍, അമ്പലപ്പുഴ തെക്ക്, പള്ളിപ്പാട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പുലിയൂര്‍, എന്നീ പഞ്ചായത്തുകളില്‍ പ്രതിദിനം 300ലധികം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ആറാട്ടുപുഴ മുതല്‍ അരൂര്‍ വരെയുള്ള 18 തീരദേശ പഞ്ചായത്തുകളില്‍ ഭക്ഷണ വിതരണത്തില്‍ പ്രത്യേക പരിഗണന നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
31 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഭക്ഷണ വിതരണത്തില്‍ കയറ്റിറക്കമുണ്ട്. ഇത് അടിയന്തിരമായി പരിശോധിച്ച് കൃത്യത ഉറപ്പാക്കാന്‍ ജില്ല കളക്ടറേയും പഞ്ചായത്ത് ഉപഡയറക്ടറേയും മന്ത്രി ചുമതലപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ട് എല്ലാ സ്ഥലത്തും കമ്മ്യൂണിറ്റി കിച്ചണുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ തനത് തുക/ പദ്ധതി തുക എന്നിവ വിനിയോഗിച്ച് കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തണം. ആവശ്യത്തിന് തുക കയ്യിലില്ലാത്തവരുണ്ടെങ്കില്‍ ഈ വിവരം ജില്ല കളക്ടറെ അറിയിക്കണം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറെ നിര്‍ദ്ദേശിച്ചു.

അതിഥി തൊഴിലാളികള്‍:
ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി ദുരന്തനിവാരണ നിധിയില്‍ നിന്നും ഇതുവരെ 60ലക്ഷം ചെലവഴിച്ചതായി മന്ത്രി അറിയിച്ചു. ജില്ലയില്‍ 16987 അതിഥി തൊഴിലാളികളാണുള്ളത്. ആദ്യഘട്ടത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ എണ്ണായിരത്തിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ചില ചെറുകിട കോണ്‍ട്രാക്ടര്‍മാര്‍ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇപ്പോള്‍ കരാരുകാര്‍ 5800ഓളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ജില്ല ഭരണകൂടം ഭക്ഷണ വിതരണത്തില്‍ കൂടുതല്‍ അതിഥി തൊഴിലാളികളെ ഉള്‍പ്പെടുത്തി. 11187 അതിഥി തൊഴിലാളികള്‍ക്കാണ് ജില്ലയില്‍ സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നത്. ആട്ട, സവാള്, മുളക്, എണ്ണ, തുടങ്ങി 13 ഇനം ഭക്ഷണ സാധനങ്ങളാണ് ഇവരുടെ താമസ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ഒരാഴ്ചതതേക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഇവര്‍ക്ക് ഉടന്‍ തന്നെ ജോലിക്ക് പോകാന്‍ സാഹചര്യമൊരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.

നെല്ല് സംഭരണം:
നെല്ല് സംഭരണം ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നതമായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ 1,01,439 മെട്രിക് ടണ്‍ നെല്ല് 19967 ഹെക്ടറില്‍ നിന്നും കൊയ്തു. ആകെ 28814 ഹെക്ടര്‍ നെല് പാടമാണ് ജില്ലയിലുള്ളത്. 8867 ഹെക്ടര്‍ കൂടി കൊയ്യാന്‍ ബാക്കിയുണ്ട്. 85ശതമാനം കൊയ്ത്തും സംഭരണവും ഏപ്രില്‍ 30ഓടെ പൂര്‍ത്തിയാകും. മെയ് മാസത്തോടെ മുഴുവന്‍ കൊയ്ത്തും സംഭരണവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 94,960 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. ബാക്കിയുള്ള 6474 മെട്രിക് ടണ്‍ നെല്ലും ഉടന്‍ സംഭരിക്കും. ഇതുവരെ 255 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. അതില്‍ 89,12,34,263 രൂപ കര്‍ഷകര്‍ക്ക് നല്‍കി കഴിഞ്ഞു. കിലോയ്ക്ക് 26.95 രൂപ വെച്ചാണ് നെല്ല് സംഭരിക്കുന്നത്. 286 കൊയ്ത്ത് യന്ത്രങ്ങളാണ് നിലവില്‍ ജില്ലയിലുള്ളത്. 100എണ്ണം കൂടി എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.