അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 65 പേർക്കുള്ള ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി നൽകി കോട്ടയം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമല്ലാതിരുന്ന മരുന്നുകൾ കോട്ടയം ജനറല്‍ ആശുപത്രിയുടെ സഹായത്തോടെയാണ് ലഭ്യമാക്കിയത്. ഇതിനായി ആവിഷ്കരിച്ച പദ്ധതി പ്രകാരം നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള രോഗികൾക്ക് മരുന്നുകൾ നൽകിയത്.
സംസ്ഥാനത്തും പുറത്തുമുള്ള വിവിധ മരുന്നു കമ്പനികളുമായി ബന്ധപ്പെട്ടാണ് മരുന്നുകൾ ശേഖരിച്ചത്. ഇവ ജനറൽ ആശുപത്രിയിൽ തരം തിരിച്ച് ഓരോ രോഗിക്കും പ്രത്യേകമായി പായ്ക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ആർ.എം .ഒ ഡോ. എ ആർ ഭാഗ്യശ്രീ എന്നിവരുടെ നേതൃത്വത്തിൽ പി. ആർ. ഒ സുനിത കെ വിജയൻ, ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷാ പദ്ധതി പ്രോജക്ട് ഓഫീസർ സിമി കുര്യൻ, സ്റ്റോർ സൂപ്രണ്ട് രാജൻ, ഫാർമസി സ്റ്റോർ കീപ്പർ ജാസ്മി ജെയിംസ്, ഫാർമസിസ്റ്റ്മാരായ അജി, സുജ ഐസക്,രാജലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് മരുന്ന് സംഭരിച്ച് തരം തിരിച്ച് പാക്കറ്റുകളിലാക്കിയത്.
മരുന്നുകൾ നിറച്ച പാക്കറ്റുകൾ വിതരണത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആർ എം ഒ ഡോ. ഭാഗ്യശ്രീയിൽ നിന്നും ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് ഡോ. ശോഭാ സലിമോൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലിൽ, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.കെ.കെ രഞ്ജിത്ത്, ജയേഷ് മോഹൻ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.കെ.ബിൻസി തുടങ്ങിയവർ പങ്കെടുത്തു.