ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ അവശ്യ മരുന്നുകള്‍ ലഭിക്കാന്‍ മലപ്പുറം ജില്ലയില്‍ ആരംഭിച്ച ‘സഞ്ജീവനി’ പദ്ധതി മരുന്ന് ലഭിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ആശ്വാസമാകുന്നു. 101 പേര്‍ക്ക് ഇതുവരെ അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതില്‍ 14 പേര്‍ക്ക് ജില്ലയ്ക്ക് പുറത്തു നിന്നാണ് മരുന്നുകളെത്തിച്ചത്. രോഗികളുടേയും കുടുംബാംഗങ്ങളുടേയും പൊതു സമ്പര്‍ക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 10 നാണ് ഈ സംവിധാനം ആരംഭിച്ചത്.
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘സഞ്ജീവനി’ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച 101 പേര്‍ക്ക് ഇതുവരെ അവശ്യ മരുന്നുകള്‍ ലഭ്യമാക്കി. 1,189 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 105 പേര്‍ മരുന്നുകള്‍ക്ക് അര്‍ഹരാണെന്ന് കണ്ടെത്തി. ഇങ്ങനെ കണ്ടെത്തുന്നവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഡ്രഗ് ഇന്‍സ്‌പെട്കറുടെ കാര്യാലയവും ആരോഗ്യ വിഭാഗവും പൊലീസും അഗ്നി രക്ഷാ സേനയും പാലിയേറ്റീവ് വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ സംവിധാനമാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഫാര്‍മസിസ്റ്റ്, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ജീവനക്കാരന്‍, റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവരാണ് കണ്‍ട്രോള്‍ റൂമില്‍ സേവനത്തിലുള്ളത്.
മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് 6282 10 2727, 0483 2739571 എന്നീ നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയോ ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടി ഫോട്ടോ എടുത്ത് വാട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ജില്ലയില്‍ ലഭ്യമായ മരുന്നുകള്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ശേഖരിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കും. ജില്ലയ്ക്കു പുറത്തു നിന്നുള്ള മരുന്നുകള്‍ പൊലീസിന്റേയും അഗ്നി രക്ഷാ സേനയുടേയും സഹായത്തോടെയാണ് എത്തിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ‘സഞ്ജീവനി’ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.