പത്തനംതിട്ട: കോവിഡ് 19ന് എതിരെ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് വോളന്റിയര്‍മാരുടെ നിസ്വാര്‍ഥ സേവനം. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എംഎല്‍എമാര്‍, എംപി, മന്ത്രിമാര്‍ വരെയുള്ള ജനപ്രതിനിധികള്‍, ജില്ലാകളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ മറ്റു വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, വോളന്റീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ ടീം ആണ് ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.
ഇതില്‍ തന്നെ യാതൊരു പ്രതിഫലവും കൂടാതെയുള്ള വോളന്റിയര്‍മാരുടെ നിസ്വാര്‍ഥ സേവനത്തിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ നിര്‍ണായക സ്ഥാനമാണുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ആരോഗ്യ വിഭാഗത്തിനു വിലമതിക്കാനാകാത്ത പിന്തുണയാണ് ഇവര്‍ നല്‍കിവരുന്നത്. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ എണ്ണൂറിലധികം വോളണ്ടിയര്‍മാര്‍ ദിനരാത്രം സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനു ശേഷം മാര്‍ച്ച് ഒന്‍പതിനാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. വിവിധ കോളജുകളില്‍ പഠിക്കുന്ന എന്‍ജിനീയറിംഗ്, ആര്‍ട്‌സ് വിദ്യാര്‍ഥികളും മെഡിക്കല്‍ വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കിയവരും ചേര്‍ന്നാണ് വോളണ്ടിയര്‍ ടീം രൂപീകരിച്ചത്. 800 ല്‍ പരം വോളണ്ടിയര്‍മാരെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചു ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തനം നടക്കുന്നു.
കോവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍, ഇറ്റലി കുടുംബവുമായി നേരിട്ട് ബന്ധമുള്ളവരെ നിരീക്ഷിക്കാനായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ സഹായത്തോടെ ജിയോടാഗ് ട്രാക്കിംഗ് സംവിധാനം ആരംഭിച്ചു. കൊറോണ ആര്‍എം ആപ്ലിക്കേഷനിലൂടെ ഐസൊലേറ്റ് ചെയ്തവരെയും പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടിലുള്ളവരെയും ദിവസേന കണ്‍ട്രോള്‍ റൂമിലുള്ള 400 ഓളം വോളണ്ടിയര്‍മാര്‍ ബന്ധപ്പെടുകയും അവരുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിയുകയും ചെയ്യുന്നു. കൂടാതെ കോള്‍ സെന്ററില്‍ ബന്ധപ്പെടുന്നവര്‍ക്ക് ആവശ്യമായ മരുന്നുകളും അവശ്യസാധങ്ങളും മറ്റു സഹായങ്ങളും വിളിച്ച് അറിയിക്കുന്നതിനായുള്ള സംവിധാനവും ലഭ്യമായിരുന്നു.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തത്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജിലെ അശ്വിന്‍ മോഹനും സംഘവുമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കോള്‍ സെന്ററില്‍ നിന്നും 8500 ഫോണ്‍ കോളുകള്‍ വരെ ചെയ്ത ദിവസങ്ങളും ഉണ്ടായിരുന്നു.
നിരീക്ഷണത്തിലുള്ളവരുടെ സാന്നിധ്യം അറിയിക്കുന്ന സോണുകളെ മാര്‍ക്ക് ചെയ്ത് ഹീറ്റ് മാപ്പിങ് തയാറാക്കി. ലോക്ക്ഡൗണിന് മുന്‍പായി ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനിലും തെര്‍മല്‍ സ്‌ക്രീനിംഗും അവബോധ പരിപാടികളും ക്രമീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും സഹായത്തോടെ മൂന്നു ഷിഫ്റ്റുകളായാണ് സ്‌ക്രീനിംഗും അവബോധ പരിപാടികളും നടത്തിയത്. ദിവസേന 150 വോളണ്ടിയര്‍മാരുടെ സഹായത്തോടെയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. പത്തനംതിട്ട, റാന്നി, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല എന്നീ ബസ് സ്റ്റാന്റുകളിലും തിരുവല്ല റെയില്‍വേ സ്റ്റേഷനിലുമാണ് സ്‌ക്രീനിംഗ് ക്രമീകരിച്ചിരുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജില്ലാ അതിര്‍ത്തികളില്‍ സജ്ജീകരിച്ചിരിക്കുന്ന 14 സ്‌ക്രീനിംഗ് പോയിന്റുകളില്‍ വോളണ്ടിയര്‍മാര്‍ നല്‍കുന്ന സേവനം വളരെ വലുതാണ്. പോലീസ്, എക്‌സൈസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും അതിര്‍ത്തി പരിശോധനയില്‍ ലഭ്യമാണ്. ഈ സ്‌ക്രീനിംഗ് പോയിന്റുകള്‍ വഴി ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരേയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുകയും അവരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ തെര്‍മല്‍ സ്‌ക്രീനിങ്ങിനു ശേഷം ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ദേശിക്കുകയും ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നു.
ദിനം പ്രതി മൂന്ന് ഷിഫ്റ്റുകളിലായി ഒരു സ്‌ക്രീനിംഗ് പോയിന്റില്‍ ഒരു ഹെല്‍ത്ത് ഒഫീഷ്യലിനും രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്കും ഒപ്പം പന്ത്രണ്ടോളം വോളന്റീര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ പതിനാലു പോയിന്റുകളിലായി നൂറ്റിഅറുപതോളം വോളന്റിയര്‍മാര്‍ ജില്ലയ്ക്കായി നിസ്വാര്‍ഥ സേവനം നടത്തിവരുന്നു.
അവശ്യ സേവനങ്ങള്‍ക്കായി ഐ വി ആര്‍ കോള്‍ സെന്റര്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാകുന്നതിനായി ഇതില്‍ വിളിക്കാം. അതനുസരിച്ച് ആവശ്യമായ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സജീകരണങ്ങള്‍ പഞ്ചായത്ത്, നഗരസഭ തലത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്കായുള്ള തെര്‍മല്‍ സ്‌ക്രീനിംഗും വിവിധ ഭാഷകളില്‍ അവബോധ ക്ലാസുകളും വോളണ്ടിയര്‍മാരുടെ സഹായത്തോടെ നടത്തിവരുന്നു. രോഗ ലക്ഷണമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി മൈഗ്രന്റ് കോള്‍ സെന്റര്‍ ക്രമീകരിച്ചിട്ടുണ്ട്.
സംശയങ്ങള്‍ക്ക് ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലുള്ള സേവനം ലഭ്യമാണ്. മൈലപ്ര മൗണ്ട് ബഥനി ഇ.എച്ച്.എസ്.എസില്‍ അശരണര്‍ക്കായി സജീകരിച്ചിട്ടുള്ള ക്യാമ്പിലേക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും വോളണ്ടിയര്‍മാര്‍ സജീവമാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ എത്തിക്കുന്നതിനായി ഇന്‍വെന്ററി ടീം, സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പോസ്റ്റുകളും തല്‍സ്ഥിതി വിവരങ്ങളും കണ്ടെത്തുന്നതിനായി മീഡിയ സര്‍വൈലന്‍സ് ടീം, വിവിധ ഇടങ്ങളില്‍ കോവിഡ് പ്രവര്‍ത്തിയില്‍ ഏര്പ്പെട്ടിരിക്കുന്നവര്ക്കാ
ഓരോ ടീമിനെയും നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരുണ്ട്. കൂടാതെ ലീഡര്‍മാരായ വിജീഷ് വിജയന്‍, ചെസിന്‍രാജ് എന്നിവര്‍ വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോന്നി അഡീഷണല്‍ തഹസീല്‍ദാര്‍ അജിന്‍ ഐപ് ജോര്‍ജ്, തിരുവല്ല തഹസീല്‍ദാര്‍(എല്‍.ആര്‍) അന്നമ്മ കെ.ജോളി, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍. അജയ് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു.
കഴിഞ്ഞ 41 ദിവസത്തെ അനുഭവങ്ങളുടെ കരുത്തുമായ് എല്ലാവരും വിശ്രമമില്ലാത്ത യാത്രയിലും കാത്തിരിപ്പിലുമാണ്. കോവിഡിനെതിരേ പൂര്‍ണ വിജയം സ്വായത്തമാകുന്ന ദിനത്തിനായി.
9205284484 – പൊതു ജനങ്ങള്‍ക്കായുള്ള ഇന്ററാക്ടീവ് റെസ്‌പോണ്‍സ് സിസ്റ്റം (ഐ.വി.ആര്‍ ) കോള്‍ സെന്റര്‍ . 9015978979 – അതിഥി തൊഴിലാളികള്‍ക്കുള്ള ഐ.വി.ആര്‍ കോള്‍ സെന്റര്‍.