പത്തനംതിട്ട: റേഷന്‍ കടകളിലൂടെ ഈ മാസം ആദ്യം ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം 3,33,664 കാര്‍ഡ് ഉടമകള്‍ (97.6 ശതമാനം) കൈപ്പറ്റി. ഇതില്‍ 84,783 കുടുംബങ്ങള്‍, പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തിയെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന അറിയിച്ചു. റേഷന്‍ വിതരണത്തിനായി മികച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്നും  പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍യോജന(പി.എം.ജി.കെ.വൈ) പദ്ധതിയില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് മാത്രമായി കേന്ദ്രം അനുവദിച്ച അരി ഏപ്രില്‍ 20 മുതല്‍ 30 വരെ റേഷന്‍ കടകളിലൂടെ ലഭ്യമാകും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് മാത്രമേ ഇത് കിട്ടൂ. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിയാണ് ഈ കാര്‍ഡുടമകള്‍ക്ക്  സൗജന്യമായി ലഭിക്കുക. എഎവൈ കാര്‍ഡുകള്‍ക്കും അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുക.

റേഷന്‍കടകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വിതരണം താഴെ പറയുംപ്രകാരം ക്രമീകരിച്ചിട്ടുണ്ട്:
ഏപ്രില്‍ 20, 21: എ.എ.വൈ കാര്‍ഡുകള്‍ക്ക്(മഞ്ഞ) മാത്രം. ഏപ്രില്‍ 22 മുതല്‍ 30 വരെ: പി.എച്ച്.എച്ച്(പിങ്ക്)കാര്‍ഡുകള്‍ക്ക് മാത്രം. ഏപ്രില്‍ 22 മുതല്‍ പിങ്ക് കാര്‍ഡുകള്‍ക്കുള്ള വിതരണം ഇനി പറയുന്ന രീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നു: ഏപ്രില്‍ 22ന് 1-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍.

ഏപ്രില്‍ 23ന് 2-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍. ഏപ്രില്‍ 24ന് 3-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍. ഏപ്രില്‍ 25ന് 4-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍.  ഏപ്രില്‍ 26ന് 5-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍. ഏപ്രില്‍ 27ന് 6-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍. ഏപ്രില്‍ 28 ന് 7-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍. ഏപ്രില്‍ 29ന്  8-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍. ഏപ്രില്‍ 30ന് 9, 0-ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍.

മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള (പിഎച്ച്എച്ച് -പിങ്ക് കാര്‍ഡ്) സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ഏപ്രില്‍ 22 മുതല്‍ റേഷന്‍കടകള്‍ വഴി തുടങ്ങുകയാണ്. സപ്ലൈകൊയുടെ പായ്ക്കിംഗ് യൂണിറ്റുകളില്‍ കിറ്റ് നിര്‍മാണം പൂര്‍ത്തിയാകാറായി. വിതരണം ഇ-പോസ് മെഷീന്‍വഴിയാണ്.

ലോക്ഡൗണ്‍മൂലം സ്വന്തം റേഷന്‍ കടയില്‍നിന്നും കിറ്റ് വാങ്ങാനാകാത്തവര്‍ക്ക് പ്രത്യേക സത്യവാങ്മൂലം തയാറാക്കി ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തി അടുത്തുള്ള റേഷന്‍കടയില്‍നിന്നും കിറ്റ് വാങ്ങാം.  സത്യവാങ്മൂലം ഏപ്രില്‍ 21-ന് മുമ്പ് സമര്‍പ്പിക്കണം. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും റേഷന്‍കടകളില്‍ പാലിക്കണം. നിശ്ചിത അകലത്തില്‍ അഞ്ചു പേരെ മാത്രമേ കടയുടെ മുമ്പില്‍ അനുവദിക്കുകയുള്ളൂ. തിരക്കുണ്ടായാല്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും.

റേഷന്‍വിതരണം: ഒ ടി പി സംവിധാനം പുന:സ്ഥാപിച്ചു

റേഷന്‍വിതരണം ഇന്നു(ഏപ്രില്‍ 20) മുതല്‍ ഒ ടി പി സമ്പ്രദായം മുഖേനയായിരിക്കും. ലോക്ഡൗണിനുമുമ്പ് ചെയ്തിരുന്നതുപോലെ,  റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ സഹിതം റേഷന്‍കടയിലെത്തി റേഷന്‍സാധനങ്ങള്‍ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഒ ടി പി പുന:സ്ഥാപിച്ചത്. റേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ  പശ്ചാത്തലത്തിലാണ് നടപടി. സാങ്കേതിക കാരണങ്ങളാല്‍ ഒ ടി പി നടക്കാതെ വന്നാല്‍ മാത്രമേ മാനുവല്‍ ആയി വിതരണം നടത്തുകയുള്ളൂ.