പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച വാഹനയാത്രക്കാരെയും, കടയുടമകളെയും,  നിരത്തില്‍കൂട്ടം കൂടിയവരെയും  പ്രതികളാക്കി വെള്ളി വൈകുന്നേരം മുതല്‍ ശനി വൈകിട്ട് നാലു വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 403 കേസുകള്‍. 405 പേരെ അറസ്റ്റ് ചെയ്യുകയും, 298 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതതായി ജില്ലാ പോലീസ് മേധാവി  കെ.ജി. സൈമണ്‍ അറിയിച്ചു.

കോവിഡ്-19 രോഗനിയന്ത്രണത്തിന് തിരിക്കപ്പെട്ട സോണുകളില്‍ ഓറഞ്ച്-എ ഗണത്തില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ തുടരുന്ന ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ തുടരും. ലോക്ക്ഡൗണ്‍ കാലത്ത് പിടിച്ചെടുത്ത വാഹനങ്ങള്‍ പിടിച്ച തീയതിയുടെ മുന്‍ഗണനാ ക്രമമനുസരിച്ച് അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്നും വിട്ടുനല്‍കി വരുന്നത് ഏറെക്കുറെ പൂര്‍ത്തിയായി.

ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കണം, ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് വാഹനം വിട്ടു നല്‍കുന്നത്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ആനുകൂല്യം ഇല്ലെന്നും ജില്ലാ പോലീസ് മേധാവി  വ്യക്തമാക്കി. വ്യാജ വാറ്റ് തടയുന്നതിനുള്ള റെയ്ഡുകളും പരിശോധനകളും ശക്തമാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.