ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന, ചെങ്ങന്നൂർ താലൂക്ക് സ്വദേശികളായ രണ്ടുപേരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇവരുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ രോഗികൾ ആരുമില്ല.
നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ചെങ്ങന്നൂർ താലൂക്കിലെ രണ്ടു പേരാണ് ഇപ്പോൾ രോഗ വിമുക്തരായി തിരിച്ചു പോകുന്നത്.
ജില്ലയിലാകെ അഞ്ചു പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ജനുവരി 31ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് , ഫെബ്രുവരി രണ്ടിന് ജില്ലയിൽ ആദ്യം രോഗ ബാധ സ്ഥിരീകരിച്ചത്. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇയാൾ ഫെബ്രുവരി 13-ന് രോഗ വിമുക്തനായി ആശുപത്രി വിട്ടു.
തുടർന്ന് മാർച്ച് 24ന് കോവിഡ് സ്ഥിരീകരിച്ചത് ഖത്തറിൽ നിന്ന് എത്തിയ കാർത്തികപ്പള്ളി താലൂക്ക് സ്വദേശിയ്ക്കായിരുന്നു. ഏപ്രിൽ ആറിന് ഈ വ്യക്തി രോഗവിമുക്തനായി.
തുടർന്ന് ഏപ്രിൽ നാലിനും എട്ടിനും നിസാമുദ്ദീനിൽ നിന്ന് എത്തിയ ഓരോ വ്യക്തികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ എട്ടിന് ദുബായിൽ നിന്നെത്തിയ ചേർത്തല താലൂക്ക് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചേർത്തല താലൂക്ക് സ്വദേശിയെ ഏപ്രിൽ 17ന് രോഗ വിമുക്തനായി ഡിസ്ചാർജ് ചെയ്തു.