ആശാ വർക്കർമാർക്ക് നിബന്ധനകളില്ലാതെ ഓണറേറിയം, കോവിഡ് കാലയളവിൽ 1000 രൂപ അധിക ഇൻസെൻറീവ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ ഡ്യൂട്ടിയിലായതിനാൽ ആശാവർക്കർമാർക്ക് 2020 മാർച്ച് മുതൽ മേയ് വരെ നിബന്ധനകൾ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇൻസന്റീവും നൽകാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതുകൂടാതെ മാർച്ച് മുതൽ കോവിഡ് കാലയളവിൽ അധിക ഇൻസെന്റീവായി പ്രതിമാസം 1000 രൂപ നൽകും. സംസ്ഥാനത്തുള്ള 26,475 ആശ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കോവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശാ വർക്കർമാർ നിർവഹിക്കുന്നത്.

വിദേശത്തു നിന്ന് വന്നവരുടേയും കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടേയും ലിസ്റ്റ് തയ്യാറാക്കുക, 60 വയസിന് മുകളിൽ പ്രായമുള്ളവരുടേയും ജീവിതശൈലി രോഗമുള്ളവരുടേയും ലിസ്റ്റ് തയാറാക്കി ഡോക്ടർമാരുടെ നിർദേശാനുസരണം മരുന്നുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങൾ ആശാവർക്കർമാരാണ് ചെയ്യുന്നത്. അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാർക്കെതിരെയോ മറ്റ് ആരോഗ്യ പ്രവർത്തകർക്കെതിരെയോ ഉണ്ടാകുന്ന ആക്രമണങ്ങളെ കർക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മത്സ്യഫെഡ് ഭരണസമിതി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയുമായ സി കെ മജീദിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന്റെ മഹാമനസ്‌കതയെ അംഗീകരിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ ആറുപേർക്കാണ് മജീദിന്റെ അവയവങ്ങൾ പുതുജീവൻ നൽകിയത്.