ചുവപ്പു മേഖലയിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ കാസർഗോഡ് ജില്ലയിൽ നടപ്പാക്കിയതുപോലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തിപ്പെടുത്തും. അവശ്യസാധനങ്ങൾ പോലീസ് വാങ്ങി വീടുകളിൽ എത്തിക്കും. മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് മേഖലകൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിൽ കൂടി മാത്രമാക്കി. ഇത്തരം സ്ഥലങ്ങളിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചു.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ അറുപതു മണിക്കൂർ നേരത്തേക്ക് ലോക്ഡൗൺ ശക്തിപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അതിർത്തി ജില്ലകളിലെ പോലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ തമിഴ്‌നാട്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല. ചരക്കുവാഹനങ്ങളുടെ നീക്കം കഴിവതും ഒഴിവാക്കണം.
ലോക്ഡൗണിൽ നിരവധി ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന് തുറന്നിരിക്കുന്ന സ്ഥാപന ഉടമകളെ പോലീസ് സഹായിക്കും. കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക, മറ്റൊരാളിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക എന്നിവ നടപ്പാക്കാനാണ് പോലീസ് സഹായിക്കുന്നത്. ഇതിന് ആവശ്യമായ നിർദേശം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകി.
ആശുപത്രികൾ, ഡോക്ടർമാർ, രോഗികളുടെ ബന്ധുക്കൾ എന്നിവരിൽ നിന്ന് മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ എവിടെയും ഉള്ള രോഗികൾക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനം പോലീസ് വിജയകരമായി നടപ്പാക്കി വരുകയാണ്. ഇതിന്റെ സംസ്ഥാനതല ഏകോപനം നിർവഹിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവിയും എഡിജിപിയുമായ ടോമിൻ തച്ചങ്കരിയെ ചുമതലപ്പെടുത്തി.