ആലപ്പുഴ : പൊതുമരാമത്തുവകുപ്പ് (പാലങ്ങളുടെ വിഭാഗം )എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദക്ഷിണ മേഖലാ സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയം തുടങ്ങിയവ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം നിർവഹിച്ചു. കോവിഡ് 19 ന്റെ ലോക്ക് ഡൗൺ ആയതിനാൽ സുരക്ഷാ മാനദണ്ഡവും സാമൂഹിക അകലവും പാലിച്ചു ചുരുക്കം ആളുകളായിട്ടായിരുന്നു ഉദ്ഘാടനം.

2019-20 അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കിലാണ് കാക്കാഴം പാലത്തിനു താഴെ ഭാഗത്തു പാലങ്ങൾ വിഭാഗത്തിനായി സർക്കിൾ ഓഫീസും ഡിവിഷൻ ഓഫീസും നിർമിച്ചത്. കൂടുതൽ പാലങ്ങൾ ആലപ്പുഴ ജില്ലയിലാണുള്ളത്. ഗതാഗത സൗകര്യങ്ങളുള്ള വലിയ പാലങ്ങളുടെ താഴെ ഭാഗം ഓഫീസുകൾ നിർമിച്ചാൽ വാടക കെട്ടിടങ്ങളുടെ ആവശ്യങ്ങൾ കുറയുകയും എല്ലാ വിഭാഗങ്ങൾക്കും സ്വന്തമായി കെട്ടിടങ്ങൾ ലഭിക്കുകയും ചെയ്യും. കൂടാതെ പാലങ്ങളുടെ താഴെയുള്ള ദുരുപയോഗങ്ങളും ഇതിലൂടെ ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുലാൽ, പൊതുമരാമത്തു വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ എസ് മനോമോഹനൻ, ദക്ഷിണ മേഖല പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് ഓഫീസർ പി ആർ മഞ്ജുഷ, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ശാരി എന്നിവർ സന്നിഹിതരായി.