കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയില്‍ രോഗം പകര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പഴുതടച്ച പരിശോധന ശക്തമാക്കിയത്.
അതിര്‍ത്തി ജില്ലയില്‍ നിന്നുള്ള കടന്നുകയറ്റം തടയുന്നതോടൊപ്പം അതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ സുരക്ഷ, വന്യജീവികളിലേക്ക് രോഗബാധ ഉണ്ടാകാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലവിലെ നിരീക്ഷണങ്ങള്‍ക്ക് പുറമെ പ്രത്യേക ഗ്രൂപ്പുകളെ കൂടി ഉള്‍പ്പെടുത്തി 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയത്. തേക്കടി റേഞ്ചിലെ റോസാപ്പൂക്കണ്ടം, കല്‍ക്കെട്ട്, ഏലക്കാട് ടോപ്പ്, വട്ടക്കണ്ടം, ബ്രാണ്ടിപ്പാറ, മേതക്കാനം, തെള്ളിക്കുഴി, വേട്ടക്കാരന്, മാവടി തുടങ്ങിയ പ്രദേശങ്ങളിലാണ് അംഗങ്ങള്‍ രാത്രിയും പകലും നിരീക്ഷണം ശക്തമാക്കിയത്.

അതിര്‍ത്തി മേഖലയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചുള്ള നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുവാന്‍ ശ്രമിച്ച ഒരാളേയും തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച രണ്ടുപേരെയും പോലീസിന് കൈമാറി.
വന്യജീവികളിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി വന്യജീവി നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും പ്രതിരോധ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആദിവാസി മേഖലയിലെ സുരക്ഷ മുന്‍നിര്‍ത്തി ബോധവല്‍ക്കരണവും നിരീക്ഷണവും ഏര്‍പ്പെടുത്തി. വനം വകുപ്പും കേരള പോലീസും സംയുക്തമായി അതിര്‍ത്തി മേഖലകളില്‍ തിരച്ചില്‍ നടത്തുന്നതിന് തീരുമാനമായതായി ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി കുമാര്‍ അറിയിച്ചു.