പരിസര ശുചീകരണവും മാലിന്യ നിർമാർജനവും ഒഴിച്ചുകൂടാനാവാത്ത കടമയായി ജനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതായി കാണുന്നു. ജനം സ്വയം തീരുമാനിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ.

വേനൽമഴയുടെ ഘട്ടത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് വലിയ ആപത്താണ്. പൊതുജന ജാഗ്രതയ്‌ക്കൊപ്പം തെറ്റായ നടപടി റിപ്പോർട്ട് ചെയ്യാനും ജനം തയ്യാറാകണം. തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക തലത്തിൽ മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തുന്നതിന് ജാഗ്രത പുലർത്തണം. പലതരം പനി ആശങ്ക സൃഷ്ടിക്കുന്നു. ഈ ഘട്ടത്തിൽ ഇവയുടെ വ്യാപനം ഉണ്ടായാൽ വലിയ പ്രശ്‌നമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.