നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാല  ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മാധവി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ പി എച്ച്  സി യിലെ മെഡിക്കല്‍ ഓഫീസര്‍  ഡോ.പി.വി രമ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അഭിഷേക് വി ജെയിംസണ്‍ നന്ദിയും പറഞ്ഞു.   ശില്‍പ്പശാലയോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-ശുചിത്വ ചിത്രപ്രദര്‍ശനവും നടത്തി. ജില്ലാഭരണകൂടം, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ പ്രതിരോധമരുന്ന്- ശുചിത്വബോധവത്ക്കരണ ശില്പശാലയും പ്രദര്‍ശനവും നാളെ(16) ഉച്ചയ്ക്ക് രണ്ടിന് പൈവളിഗെ പഞ്ചായത്ത് ഹാളില്‍ പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലത്തിലെ ശില്പശാലയും പ്രദര്‍ശനവും 19ന് ഉച്ചയ്ക്ക് രണ്ടിന് പുല്ലൂര്‍-പെരിയഗ്രാമപഞ്ചായത്ത് ഹാളില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. .