സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ കാഷ്യൂവിറ്റ, കാഷ്യൂ സൂപ്പ് എന്നിവയുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി. ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. പത്മശ്രീ ലക്ഷ്മിക്കുട്ടിക്ക് കാഷ്യൂ സൂപ്പ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കശുവണ്ടിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ജനകീയമാക്കുക, പൊതുജന ആരോഗ്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കോര്‍പ്പറേഷന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്.
പതിനെണ്ണായിരം ഹെക്ടര്‍ വനഭൂമിയില്‍ കശുമാവ് നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. തോട്ടണ്ടിയുടെ വില ഏതാനും വര്‍ഷങ്ങളായി ഉയരുന്നതും ആനുപാതികമായി പരിപ്പിന്റെ വില ഉയരാത്തതുമാണ് ഈ രംഗത്ത് പ്രതിസന്ധിയുണ്ടാക്കുന്നത്. കശുവണ്ടിയും മൂല്യവര്‍ദ്ധിത ഉത്പനങ്ങളും ജനകീയമാക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ തരിശ് ഭൂമിയിലും വനഭൂമിയിലും ഉള്‍പ്പെടെ ലഭ്യമായ ഇടങ്ങളിലെല്ലാം കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
സെക്രട്ടേറിയറ്റ് സ്റ്റാഫ് എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാളില്‍ നിന്നും നാളെ മുതല്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കും. കാഷ്യൂ വിറ്റ ഒരു കപ്പിന് 20 രൂപയും കാഷ്യൂ സൂപ്പിന് 10 രൂപയുമാണ് വില.