എറണാകുളം: മഴക്കാലത്തിന് മുന്നോടിയായി ദുരന്ത നിവാരണത്തിന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവായി.

1. വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും അധീനതയിലുള്ള അപകടകരമായ മരങ്ങളും, മരച്ചില്ലകളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണം. അപകടകരം എന്നും അടിയന്തരമായി മുറിച്ചുമാറ്റേണ്ടത് എന്നും കണ്ടെത്തുന്ന മരങ്ങളും, മരച്ചില്ലകളും മുറിയ്ക്കുവാനുളള ശുപാര്‍ശ നൽകുന്നതിന് ഓരോ തദ്ദേശസ്വയം ഭരണ പ്രദേശത്തെയും തദ്ദേശസ്വയം ഭരണസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു സമിതി രൂപീകരിച്ചു കൊണ്ട് ഉത്തരവാകുന്നു.

സമിതി മുമ്പാകെ വകുപ്പുമേധാവികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ പരമാവധി 2 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ തീരുമാനം എടുത്ത്‌ വിവരം നേരിട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനെ അറിയിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തി അപകടമുണ്ടാകുന്ന പക്ഷം സമിതി കണ്‍വീനര്‍ ആയ തദ്ദേശസ്വയം ഭരണസ്ഥാപന സെക്രട്ടറിക്ക് ആയിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം.

2.സ്വകാര്യഭൂമിയിലുളള അപകടകരമായ മരങ്ങളും, മരച്ചില്ലകളും മുറിച്ചുമാറ്റുവാന്‍ ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും, സ്വകാര്യസ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുളള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാനുളള ബാധ്യത.

3.സ്വകാര്യഭൂമിയിലുളള അപകടകരമായ മരങ്ങളും, മരച്ചില്ലകളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അസിസ്റ്റന്റ്‌ സെക്രട്ടറി, ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി അപകടകരമായവ മുറിച്ചുമാറ്റുന്നതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ സെക്രട്ടറി നോട്ടീസ് നല്‍കേണ്ടതാണ്.

4. പരസ്യബോര്‍ഡുകളും, താല്‍ക്കാലിക ബില്‍ഡിംഗ്‌ മെറ്റീരിയലുകളും കാറ്റത്ത് മറിഞ്ഞ്‌ വീണ് ജീവനും സ്വത്തിനും ഭീഷണിയാകുന്നില്ലെന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പരിശോധന നടത്തി അപകടകരമായവ എടുത്തുമാറ്റുന്നതിന് നോട്ടീസ് നല്‍കേണ്ടതും, എടുത്തു മാറ്റേണ്ടവ ഒരാഴ്ചയ്ക്കകം എടുത്തുമാറ്റേണ്ടതുമാണ്. വീഴ്ചവരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യേഗസ്ഥന് എതിരേ നടപടി സ്വീകരിക്കുന്നതുമാണ്.

5. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും, ആശുപത്രികളുടെയും ഫിറ്റ്‌നസ് തദ്ദേശസ്വയം ഭരണ പൊതുമരാമത്ത്‌ വകുപ്പ് എഞ്ചിനീയറെക്കൊണ്ട് അതാത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പരിശോധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങള്‍, സ്‌കൂള്‍, ആശുപത്രി എന്നിവ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

6.ജില്ലയിലെ എല്ലാ ആശുപത്രികളുടെയും അഗ്നിസുരക്ഷ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട് എന്ന് അതാത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. അഗ്നിസുരക്ഷ വകുപ്പിന്റെ എന്‍.ഒ.സി. ഇല്ലാത്ത കെട്ടിടങ്ങള്‍ആശുപത്രി നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

ജില്ലയില്‍അഗ്നി/ലിഫ്റ്റ്‌ സുരക്ഷയ്ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന്‌ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതും, ഇതിനായി ഒരു .ഡാഷ്‌ബോര്‍ഡ് മെയിന്റെയിന്‍ ചെയ്യേണ്ടതുമുണ്ട്.

ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മഴക്കാലത്ത് ഉണ്ടാകുന്ന പ്രളയം ഒഴിവാക്കുന്നതിലേക്കായി താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതാണ്.

എ) കിഴക്കന്‍ മേഖലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തോടുകള്‍ പൂര്‍ണ്ണമായും തടസ്സങ്ങള്‍ നീക്കി വെളളം ഒഴുകിപ്പോകുന്നതിന് സജ്ജമാക്കുക. മണ്ണൊാലിപ്പ് കൂടുതല്‍.ഉണ്ടാകാത്ത രീതിയില്‍ ചരിഞ്ഞ പ്രദേശങ്ങളില്‍ മുന്‍കൂട്ടി വെളളം ഒഴുകി ഇറങ്ങുന്നതിനുളള പ്രദേശികമായ സംവിധാനങ്ങള്‍ നടപ്പിലാക്കുക. തോടുകള്‍ക്ക് കുറുകെ പാലങ്ങളിലുളള തടസ്സങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. കൈവഴികളില്‍ നിന്ന് പ്രധാന തോടുകളിലേക്ക്‌ വെളളം ഒഴുകി എത്തുന്നതിനുളള എല്ലാ സംവിധാനങ്ങളും ഒരുക്കുക.

ബി) മധ്യമേഖലകളിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ കിഴക്കന്‍മേഖലകളില്‍ നിന്ന്‌വരുന്ന വെളളം കൃത്യമായി പ്രധാന തോടുകളിലേക്ക് എത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുക. കൈത്തോടുകള്‍ എല്ലാംതന്നെ കൂടുതല്‍ വെളളംഉള്‍ക്കൊളളുന്ന രീതിയില്‍ എക്കല്‍ /മാലിന്യ വിമുക്തമാക്കുക.

സി) തോടുകള്‍ക്ക് കുറുകെയുളള തടയണകള്‍, വിസി.ബിയിലുളള ഷട്ടറുകള്‍ മഴതുടങ്ങുന്നതിന് മുമ്പ് തന്നെ കൃത്യമായി നീക്കം.ചെയ്യുന്നതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ഡി) പടിഞ്ഞാറന്‍ മേഖലയില്‍.പ്രധാന പുഴകളിലൂടെ ഒഴുകിവരുന്ന വെളളം പ്രാദേശിക കൈത്തോടുകളിലേക്ക് കയറുവാനും തുടര്‍ന്ന്‌ വെളളപ്പൊക്കത്തിനുമുളള സാധ്യതകളും ഉണ്ട്. ആയതിനാല്‍ കൈത്തോടുകള്‍ പൂര്‍ണ്ണമായും എക്കല്‍ വിമുക്തമാക്കുകയും കായലുകളിലേക്ക് കയറിവരുന്ന വെളളം പെട്ടെന്ന് ഇറങ്ങിപ്പോകുന്നതിനുളള ക്രമീകരണങ്ങളും നടപ്പിലാക്കുക.

ഇ) വൈപ്പിന്‍, പറവൂര്‍ മേഖലകളില്‍ കായലിലേക്കുളള കൈത്തോടുകള്‍.അടിയന്തരമായി തുറക്കുന്നതിനുളള നടപടികള്‍ പരിശോധിച്ചു നടപ്പിലാക്കുക. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ കൈത്തോടുകള്‍ കൈയ്യേറ്റങ്ങള്‍ ഒഴിവാക്കി ജലസംഭരണത്തിനും ജലനിര്‍ഗമനത്തിനും അത്യാന്താപേക്ഷിതമായതിനാല്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സെക്രട്ടറിമാര്‍ പഞ്ചായത്ത്തല സാങ്കേതികവിഭാഗത്തെ ചുമതലപ്പെടുത്തേണ്ടതാണ്.

ജി) തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ സാങ്കേതികവിഭാഗത്തെ പൂര്‍ണ്ണമായും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും, നടപ്പിലാക്കുന്നതിനും ഇതിനാല്‍ ചുമതലപ്പെടുത്തുന്നു. ജലവിഭവവകുപ്പിന്റ സാങ്കേതികസഹായവും നിര്‍ദ്ദേശങ്ങളും ഈ കാലയളവില്‍സ്വീകരിക്കേണ്ടതാണ്.

എച്ച്) പ്രധാന പുഴകളായ പെരിയാര്‍, മൂവാറ്റുപുഴ എന്നിവയിലെ തടസ്സങ്ങള്‍ മഴയ്ക്കുമുമ്പേ പരിശോധിക്കുകയും അവ നീക്കുന്നതിനുളള നടപടി ക്രമങ്ങള്‍ മേജര്‍ ഇറിഗേഷന്‍, എം.വി.ഐ.പി., പി.വി.ഐ.പി., ഐ.ഐ.പി എന്നിവര്‍ സ്വീകരിക്കേണ്ടതാണ്.

ഐ) ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്തലത്തിലും, ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തിലും വിലയിരുത്തുകയും പഞ്ചായത്ത് ഡയറക്ടറേറ്റ് ഇതിന് നേതൃത്വം നല്‍കേണ്ടതുമാണ്. പ്രസ്തുത പ്രതിവാരവിശകലന റിപ്പോര്‍ട്ട് ഡയറക്ടര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന് നല്‍കേണ്ടതുമാണ്.

ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)V പ്രകാരമുള്ള ഈ ഉത്തരവ് ഈ ഉത്തരവ് അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണനിയമത്തിന്റെ സെക്ഷന്‍ 51 അനുസരിച്ച് ശിക്ഷിക്കപ്പെടുന്നതും, ഈ ശിക്ഷ വിധിക്കുവാന്‍ ജില്ലാദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുളളതുമാണ്.