കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പള്ളിക്കര ഇമാദിനെതിരെ വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.

കോവിഡ് രോഗത്തിൽനിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. വിവരം ചോർന്നതിനെതിരെ താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാൾ പ്രചാരണം നടത്തി. എന്നാൽ, കാസർകോട് ജില്ലയിൽ ഇമാദ് എന്ന പേരിൽ ആരും ചികിത്സയിലുണ്ടായിരുന്നില്ല.  കാസർകോട്ടെ രോഗികളുടെ രേഖ ചോർന്നു എന്ന വ്യാജ പ്രചാരണത്തിൽ മുന്നിൽനിന്നത് ഇയാളായിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് കേസുകൾ പോസിറ്റീവാകുന്നത് സർക്കാരിന്റെ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്ട്സാപ്പ് പ്രചാരണം നടത്തുന്നത് കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരിയിൽ കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.