വയനാട്: കുരങ്ങ് പനി ബാധിതമായ തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല, ബേഗൂര്‍, ഇരുമ്പുപാലം, പുതിയൂര്‍, തുറമ്പൂര്‍, ഷാണ മംഗലം, മീന്‍ കൊല്ലി, നാരങ്ങാകുന്ന്, അംബേദ്കര്‍ കോളനി, കൂപ്പ്‌കോളനി, മണ്ണുണ്ടി, പഴയ തോട്ടം, താഴെ അമ്മാനി തുടങ്ങിയ കോളനികളില്‍ മെയ് അഞ്ചിന് ശുചീകരണവും ബോധവത്കരണവും നടത്താന്‍ ഒ.ആര്‍. കേളു എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പദ്ധതി വിശദീകരണം നടത്തി. ശുചീകരണ പ്രവര്‍ത്തികള്‍ രാവിലെ എട്ടിന് ആരംഭിക്കും. കോവിഡ് 19 പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ശുചീകരണം നടത്തുന്നത്.

കുരങ്ങ് പനി വ്യാപനം കൂടുതലുള്ള 9, 10, 11 വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടങ്ങളിലുള്ളവര്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ വനത്തിലേക്ക് മേയാന്‍ വിടുന്നത് നിയന്ത്രണത്തിലാക്കും. കന്നുകാലികള്‍ക്ക് തീറ്റയും, വിറകില്ലാത്ത ഭവനങ്ങളില്‍ വിറക് എത്തിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെ 27 പേര്‍ക്കാണ് കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുള്ളത്. 3 പേര്‍ മരണപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി ജാഗ്രതയുടെ ഭാഗമായി ആര്‍.ഡി.ഒ ഓഫീസില്‍ കുരങ്ങു പനി ജാഗ്രത സെല്‍ തുറന്നു. 04935 240222 എന്ന നമ്പറില്‍ വിശദാംശങ്ങള്‍ തേടാം.

യോഗത്തില്‍ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡി.എം.ഒ ആര്‍. രേണുക, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജു, മാനന്തവാടി ബ്ലോക്ക് ബി.ഡി.ഒ സിറിയക്. റ്റി. കുരിയാക്കോസ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ജി. മായാ ദേവി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, മൃഗസംരംക്ഷണം തുടങ്ങിയവര്‍ പങ്കെടുത്തു.