കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടെടുത്ത വായ്പകളുടെ തിരിച്ചടവിൽ വീഴ്ച്ച വന്നവർക്കെതിരെ സർഫാസി ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കശുവണ്ടി വ്യവസായ മേഖല വലിയ പ്രതിസന്ധിയിലാണ്. തൊഴിലാളികളും കടുത്ത വിഷമതയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ വായ്പ നൽകിയ ബാങ്കുകളുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ റിസർവ്വ് ബാങ്ക് നേതൃത്വം നൽകണമെന്ന് ആർ.ബി.ഐ. അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യന്ത്രി അഭ്യർത്ഥിച്ചു. ഈ മേഖയിലെ പ്രതിസന്ധി ചർച്ചചെയ്യാൻ 15ന് ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുണ്ട്.
കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ആർ.ബി.ഐ. റീജണൽ ഡയറക്ടർ എസ്.എം.എൻ. സ്വാമി, ജനറൽ മാനേജർ ഉമാശങ്കർ, കനറാ ബാങ്ക് ഡിവിഷണൽ മാനേജർ വി.എസ്. സന്തോഷ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി ഡപ്യൂട്ടി കൺവീനർ എൻ.കെ. കൃഷ്ണൻ കുട്ടി, സീനിയർ മാനേജർ ജി. നന്ദകുമാർ, തുടങ്ങിയവർ സംബന്ധിച്ചു.