* വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം 
* ലോകത്തെ സുരക്ഷിതമായ നിക്ഷേപ കേന്ദ്രമെന്ന സാധ്യത പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
കോവിഡ് നേരിടുന്നതിൽ കേരളം കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി മാറ്റിയതായും ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും നിന്ന് കേരളത്തെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയിൽ നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് കേരളത്തിലേക്ക് വ്യവസായ മുതൽമുടക്ക് കൊണ്ടുവരുന്നതിന് തീരുമാനങ്ങൾ സർക്കാർ എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

* എല്ലാ വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നൽകും. ഉപാധികളോടെയാണ് അനുമതി നൽകുക. ഒരുവർഷത്തിനകം സംരംഭകൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു തിരുത്താൻ ഒരവസരം നൽകാനും സർക്കാർ തയാറാകും.

 

* തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽ, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.

* ഇതിനുപുറമെ, കയറ്റുമതി-ഇറക്കുമതി സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക്‌സ് പാർക്കുകൾ ആരംഭിക്കും. 

* ഉത്തര കേരളത്തിന്റെ ആവശ്യം മുൻനിർത്തി അഴീക്കൽ തുറമുഖം വികസിപ്പിക്കും. വലിയതോതിൽ ചരക്ക് കൈകാര്യം ചെയ്യാൻ തുറമുഖത്തെ സജ്ജമാക്കും. 

* കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾ വലിയ തോതിൽ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാർക്കിലെ ഭൂമി കാർഷികോൽപന്നങ്ങളുടെ മൂല്യവർധനവിനു വേണ്ടി വ്യവസായികൾക്ക് പാട്ടത്തിന് നൽകും.

* മൂല്യവർധനവിന് ഊന്നൽ നൽകി ഉത്തരകേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കും.

* കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി. ‘ചീഫ് മിനിസ്റ്റേഴ്‌സ് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി കമ്മിറ്റി’– എന്നായിരിക്കും ഇതിന്റെ പേര്.

* വ്യവസായ മുതൽ മുടക്കിന് ‘സ്റ്റാർ റേറ്റിങ്’ സമ്പ്രദായം ഏർപ്പെടുത്തും. മുതൽമുടക്ക്, അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴിൽ എന്നിവ കണക്കിലെടുത്ത് ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ സ്ഥാനങ്ങൾ നൽകും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും.

ഏതു പ്രതിസന്ധിയിൽ നിന്നും പുതിയ അവസരങ്ങൾ ഉയർന്നു വരുമെന്ന് നമുക്കറിയാം. അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ പ്രതിസന്ധികളിൽ നിന്ന് നമുക്ക് മുന്നേറാൻ കഴിയൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.