തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മെയ് 4) നിരീക്ഷണത്തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. 2 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

തിങ്കളാഴ്ച (മെയ് 4) 1 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1291 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1282 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 269 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (മെയ് 4) 20 പേർക്ക് കൗൺസലിംഗ് നൽകി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1684 പേരെയും മത്സ്യചന്തയിൽ 896 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 188 പേരെയും സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാമ്പ്ര മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

തിരിച്ചെത്തുന്നവർക്കായി 17000 ബെഡുകൾ തയ്യാർ
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകൾ. 354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ചാലക്കുടി താലൂക്കിൽ 51 കെട്ടിടങ്ങളിലായി 1071 മുറികളും ചാവക്കാട് താലൂക്കിൽ 139 കെട്ടിടങ്ങളിലായി 3401 മുറികളും കൊടുങ്ങല്ലൂർ താലൂക്കിൽ 16 കെട്ടിടങ്ങളിലായി 188 മുറികളും കുന്നംകുളം താലൂക്കിൽ 45 കെട്ടിടങ്ങളിലായി 1285 മുറികളും മുകുന്ദപുരം താലൂക്കിൽ 8 കെട്ടിടങ്ങളിലായി 133 മുറികളും തലപ്പിള്ളി താലൂക്കിൽ 8 കെട്ടിടങ്ങളിലായി 127 മുറികളും തൃശ്ശൂർ താലൂക്കിൽ 87 കെട്ടിടങ്ങളിലായി 2382 മുറികളും ഒരുക്കിയിട്ടുണ്ട്.

അന്യ സംസ്ഥാനത്തു നിന്നും വരുന്നവർ 8 ചെക്ക് പോസ്റ്റുകളിൽ കൂടിയാണ് എത്തുന്നത്. പ്രധാന ചെക്ക് പോസ്റ്റ് വാളയാർ ആണ്. ചെക്ക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിംഗ് ഉണ്ട്. ഇതിൽ പനിയോ കോവിഡ് ലക്ഷണങ്ങളോ ഉള്ള ആളുകളെ ചെക്ക് പോസ്റ്റിനു അടുത്തുള്ള കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈൻ ചെയ്യും.

സ്‌ക്രീനിങ്ങിൽ അസുഖലക്ഷണമില്ലാത്തവർ വീടുകളിലോ കോവിഡ് കെയർ സെന്ററുകളിലോ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വീടുകളിൽ ശുചിമുറിയോടു കൂടിയുള്ള കിടപ്പുമുറികൾ ഉള്ളവർ അത് ഉപയോഗിക്കേണ്ടതും അല്ലാത്തവർ ജില്ലാ ഭരണകൂടം നിർദേശിക്കുന്ന കോവിഡ് കെയർ സെന്ററുകളിലേക്ക് പോകേണ്ടതുമാണ്. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, എൻ ഐ സി , ആയുഷ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നു ഇവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഓൺലൈൻ രെജിസ്‌ട്രേഷൻ ചെയ്യുമ്പോൾ തന്നെ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണ കൂടം കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. കോവിഡ് കെയർ സെന്ററുകളുടെ ഏകോപന ചുമതല അതാത് താലൂക്ക് തഹസിൽദാർമാർക്കായിരിക്കും. കോവിഡ് കെയർ സെന്ററുകൾ പരിപാലിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സുരക്ഷ ഉത്തരവാദിത്വം പോലീസിനുമായി ചുമതലപെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് താലൂക്ക് തലത്തിൽ പ്രത്യേകം ക്വാറന്റൈൻ സൗകര്യം നൽകുന്നതാണ്. അന്യസംസ്ഥാനത്തു നിന്നും സ്വന്തം വാഹനങ്ങളിൽ വരുന്നവരും അവരെ കൊണ്ടുവരാനായി ചെക്ക് പോസ്റ്റുകളിൽ പോകുന്ന ഡ്രൈവർമാരും 14 ദിവസം ക്വാറന്റീനിൽ പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സെന്ററുകളിൽ പെയ്ഡ്, അൺപെയിഡ്, എന്നിങ്ങനെ താമസസൗകര്യം തരം തിരിച്ചിട്ടുണ്ട്.

പണം കൊടുക്കാൻ കഴിവുള്ളവർക്ക് പെയിഡ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഒരുക്കങ്ങൾ വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ഡെപ്യൂട്ടി കളക്ടറും നോഡൽ ഓഫീസറുമായ (അപ്പലെറ്റ് അതോറിറ്റി) കെ മധുവിന്റെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തല ഓഫിസർമാർ, താലൂക്ക് തഹസിൽദാർമാർ ത്രിതല സെക്രട്ടറിമാർ, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ ഹാജരായിരുന്നു.