ആലപ്പുഴ: ആലപ്പുഴ കൊമേഴ്സ്യല്‍ കനാലിന്‍റെ നവീകരണത്തിനിടെ ഇരുവശവുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ തീരുമാനം. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്‍റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍, തകര്‍ന്ന റോഡ‍് പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കി ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്ക് നല്‍കാനും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. ഇതിന് പ്രത്യേകമായി തുക അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഗരത്തിലെ കനാലുകളുടെ ചെളിവൃത്തിയാക്കല്‍ തടസ്സമില്ലാതെ തുടരണം.
തുടര്‍ന്ന് ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കി നല്‍കാന്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പൊതുമരാമത്ത് വകുപ്പും ഇറിഗേഷന്‍ വകുപ്പുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. കനാല്‍ നവീകരണത്തിന് പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ചും പ്രോട്ടോകോള്‍ ഉണ്ടാകും. ഇത്തരത്തില്‍ റോഡ് വീണ്ടും തകരാതിരിക്കാനുള്ള നടപടികള്‍ എടുക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു.
ജില്ല കളക്ടര്‍ എം.അഞ്ജന, ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ എസ്.ഹരികുമാര്‍, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അരുണ്‍ കെ.ജേക്കബ്, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ബിനു തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. കൊമേഴ്സ്യല്‍ കനാലിന്‍റെ മാര്‍ക്കന്‍റിന്‍റെ മുന്‍വശം, പഗോഡ റിസോര്‍ട്ടിന്‍റെ മുന്‍വശം എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്നത്.