നാളീകേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കോക്കനട്ട് മിഷന്‍ രൂപീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച കാര്‍ഷിക മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പത്തു വര്‍ഷത്തിനകം നാളീകേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിയ്ക്ക് രൂപം നല്‍കുക. 2022ഓടെ ഉത്പാദിപ്പിക്കുന്ന നാളീകേരളത്തിന്റെ് 30 ശതമാനത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉതപന്നങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് തൃശൂരില്‍ അഗ്രോ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വാഴപ്പഴം, തേന്‍ എന്നിവയില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ തയ്യാറാക്കുക. ഈ വര്‍ഷം തന്നെ നാളീകേരളത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായി ഒരു അഗ്രോ പാര്‍ക്ക് ആരംഭിക്കാന്‍ ആലോചിക്കുന്നു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് വകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നു. ഇതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാകൂ. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഇതൊരു ഉപാധിയാണ്.
പച്ചക്കറിയുടെ വിപണി വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വി. എഫ്. പി. സി. കെയെ ശക്തിപ്പെടുത്തും. എല്ലാ വിധ നടീല്‍ വസ്തുക്കളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥാപനമായി ഇതിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രത്യേകതകളുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക രജിസ്‌ട്രേഷനെടുക്കും. നാടന്‍ വിത്തുകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകരിലെത്തിക്കാന്‍ വേണ്ട നടപടി കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് സ്വീകരിച്ചിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് മാസത്തില്‍ ഇത്തരം വിത്തുകള്‍ ഉള്‍പ്പെടുത്തി അമ്പലവയലില്‍ വിത്തുല്‍സവം സംഘടിപ്പിക്കും. തരിശു നിലങ്ങളുടെ മാപ്പിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. കാര്‍ഷികോത്പാദന കമ്മീഷണര്‍ ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സുനില്‍കുമാര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശിക സമിതി അംഗങ്ങള്‍, ഡോ. ഹേലി, മാധ്യമപ്രവര്‍ത്തകര്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.