ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെ.ടി.ഡി.സിയുടെ ആഡംബര ബസുകള്‍ നിരത്തിലിറങ്ങി. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ് ടൂര്‍ പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു.
മൂന്ന് ആഡംബര ബസുകളാണ് കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ ബസ് ടൂര്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ബസ് ടൂര്‍ പദ്ധതി നടപ്പാക്കുക. അടുത്ത ഘട്ടത്തില്‍ കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം-കന്യാകുമാരി, റിഫ്രഷിംഗ് പൊന്മുടി, ബോള്‍ഗാട്ടി പാലസ് മുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ ഹില്‍പാലസ് ടൂര്‍, ചെറായി ബീച്ചടക്കം സന്ദര്‍ശിക്കുന്നതിനുള്ള അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ എന്നിങ്ങനെയാണ് പാക്കേജുകള്‍. 24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ടാകും. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മൂന്ന് ഭാഷകളില്‍ ബസില്‍ വിവരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട് . കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍, മേയര്‍ വി. കെ. പ്രശാന്ത്, ചെറിയാന്‍ ഫിലിപ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.