കൊല്ലം ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്യാതെ എട്ടു ദിനങ്ങളാണ് കടന്നു പോയത്. ആശ്വാസത്തിന്റെ നിമിഷങ്ങളിലും ജാഗ്രത കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായി മലയാളികള്‍ എത്തിത്തുടങ്ങിയതോടെ കോവിഡ് സുരക്ഷയുടെ ഭാഗമായി അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കി.
മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗലക്ഷണം സംശയിച്ച അഞ്ചു പേര് കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. പരിശോധനയ്ക്ക് അയച്ച 2,335 സാമ്പിളുകളില്‍ 47 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,251 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു.
ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 19,968 പേര്
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇന്നലെ(മെയ് 7) ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയ 104 പേര് ഉള്‍പ്പടെ 19,968 പേരാണ് ഇതുവരെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 7)പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ച 55 പേര് ഉള്‍പ്പെടെ 1,387 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. നിലവില്‍ അഞ്ചു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ നിരീക്ഷണം കര്‍ശനമാക്കി
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ തിരികെയെത്തുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കൂടുതല്‍ കര്‍ശനമാക്കി. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനും ബ്രേക്ക് ദ ചെയ്ന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സേന നിര്‍വഹിക്കും. . 1,097 ടീമുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്.
ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പൊലീസിന്റെയും ആശ-ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. ആകെ 3,013 പേര് അടങ്ങിയ വിവിധ സംഘങ്ങള്‍ 9,615 വീടുകളാണ് ഇന്നലെ (മെയ് 7) മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും, ജീവിതശൈലീ രോഗികള്‍ക്കും ക്വാറന്റയിനിലുള്ള 1,387 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്കി. ഇതോടൊപ്പം ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപ്പിഡ് റസ്പോണ്‍സ് ടീമുകള്‍, 31 സ്ക്വാഡുകള്‍ എന്നിവയും സജീവമായിരുന്നു.
ഇതുവരെ ആകെ 4,208 പേര്‍ക്ക് മാനസികാരോഗ്യ കൗണ്‍സലിങ് നല്കി. കൂടാതെ 13,340 കേസുകളില്‍ ടെലി കൗണ്‍സലിംഗ് പൂര്‍ത്തിയാക്കി. കണ്ട്രോള് റൂമിലേക്ക് ആകെ 5,558 പേരാണ് വിളിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ മലയാളികളുടെ മടങ്ങിവരവിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത വര്‍ധിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം),1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.