മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 46 പേര്‍ക്കെതിരെയും കേസെടുത്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 59 കേസുകള്‍ കൂടി ഇന്നലെ (മെയ് 08) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.  വിവിധ സ്റ്റേഷനുകളിലായി 53 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 28 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,648 ആയി. 4,561 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,193 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്.

വാഹനഗതാഗതം നിരോധിച്ചു

മഞ്ചേരി റോഡ് സെക്ഷന് കീഴില്‍ വരുന്ന മഞ്ചേരി രണ്ടാം ഘട്ട ബൈപ്പസില്‍ ജസീല ജംങ്ഷന് സമീപം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് 11 മുതല്‍ പ്രവൃത്തി തീരുന്നത് വരെ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു.  ജസീല ജംങ്ഷനില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ സെന്‍ട്രല്‍ ജംങ്ഷന്‍ വഴി തിരിച്ചു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.