ഇടുക്കി: അടുക്കളത്തോട്ടം ചലഞ്ച്; ലക്ഷ്യം :- വിഷ രഹിത പച്ചക്കറി ഉല്പ്പാദനം, എല്ലാ കുടുംബക്കളെയും പച്ചക്കറി സ്വയംപര്യാപ്തയിലെത്തിക്കുക. ഈ ലക്ഷ്യ പൂർത്തീകരണത്തിന് ഒരു മത്സരം തന്നെ സംഘടിപ്പിച്ച് വിജയികളാകാനുള്ള കഠിന പ്രയത്നത്തിലാണ് കട്ടപ്പന നഗരസഭയിലെ 22-ാം വാർഡ്  അമ്പലക്കവല നിവാസികൾ. വാർഡ് കൗൺസിലർ ഗിരീഷ് മാലിയിൽ ,എഡിഎസ് അമ്പലക്കവല പ്രവർത്തകർ എന്നിവരാണ് മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്.
“അടുക്കളത്തോട്ടംചലഞ്ച്”എന്ന  മത്സരത്തിലൂടെ വാർഡിലെ മികച്ച പത്ത്  വനിത കർഷകരെയാണ് തിരഞ്ഞെടുക്കുന്നത്. ഈ പത്തു പേരിൽ നിന്നും മികച്ച കർഷകയെയും തിരഞ്ഞെടുക്കും. അടുക്കളത്തോട്ടം സന്ദർശിച്ച് വിലയിരുത്തുന്ന കൃഷി വിദഗ്ദരാണ്  വിജയികളെ തീരുമാനിക്കുന്നത്. വിജയികൾക്കൾക്ക് സമ്മാനവും പ്രശസ്തി പത്രവും നല്കും.
കോവിഡ്- 19 വ്യാപനത്തിനു മുൻപു തന്നെ അടുക്കളത്തോട്ടം ചലഞ്ചിന്റെ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചിരുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ വാർഡിലെ എല്ലാ വീടുങ്ങളിലെയും എല്ലാ കുടുംബാംഗങ്ങളും ഇതിൽ മുഴുവൻ സമയ പങ്കാളികളാകുകയായിരുന്നു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വാർഡിനെ ടാങ്ക് പടി, വള്ളക്കടവ്, മൈത്രീനഗർ, അമ്പലക്കവല എന്നീ നാലു സോണുകളായി തിരിച്ചു. സോൺ കൺവീനർമാരായി തിരഞ്ഞെടുത്ത ആൻസി സണ്ണി, സന്തോഷ് കിഴക്കേമുറി, ജിൻസ് സോൺ, രാധാമണി ഗോപി എന്നിവർക്ക് ഓരോ സോണിന്റെയും മേൽനോട്ട ചുമതല നല്കി.
കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷൈനി ജിജി, എഡിഎസ് പ്രസിഡന്റ് രജനി സലിം എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ സോൺ കൺവീനർമാരെ വിളിച്ചു ചേർത്ത് നിർദ്ദേശങ്ങളും ക്ലാസും നല്കിയിരുന്നു. കട്ടപ്പന കൃഷിഭവനിലെ കൃഷി അസിസ്റ്റൻറുമാരായ എ. അനീഷ്, അനീഷ്.പി. കൃഷ്ണൻ എന്നിവരാണ് അടുക്കളത്തോട്ടത്തെ കുറിച്ച് ക്ലാസ് എടുത്തത്.
തുടർന്ന് കൃഷിഭവനിൽ നിന്നും വിതരണം ചെയ്ത പച്ചക്കറിവിത്തുകൾ (കട്ടപ്പന എഡിഎ ഓഫീസ് പരിധിയിലുള്ള കർഷകരിൽ നിന്നും ശേഖരിച്ചു നല്കിയ വിത്തുകൾ) സോൺ കൺവീനർമാരുടെ നേതൃത്വത്തിൽ നാനൂറിലധികം വീടുകളിലെത്തിച്ച് നല്കുകയും വിത്തുപാകൽ, നടീൽ, സംരക്ഷണം എന്നിവ സംബന്ധിച്ച് വിശദീകരണം നല്കുകയും ചെയ്തു.
കൃഷിയിടം സന്ദർശനത്തിലൂടെ  എല്ലാവരും തൈകൾ നട്ടുവെന്ന് ഉറപ്പു വരുത്തി. പയർ, പാവൽ, പടവലം, നിത്യവഴുതന, ചീര, വഴുതന, മുളക്, തക്കാളി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഫലവൃക്ഷതൈകളും നട്ടു പരിപാലിക്കുന്നു. പച്ചക്കറി കൃഷിയോടൊപ്പം കൂൺ കൃഷി കൂടി ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഇതിനായി ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കർഷകർക്ക് കൂൺ കൃഷി പരിശീലനം നല്കി വരുന്നതായി വാർഡ് കൗൺസിലർ ഗിരീഷ് മാലിയിൽ പറഞ്ഞു.
അടുക്കളത്തോട്ടം വിളവെടുപ്പിന് പാകമാകുന്ന ഘട്ടത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികളുടെ വിപണനത്തിനായി അടുക്കളത്തോട്ടം ചന്ത തുടങ്ങുവാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്.  ഇത്തരത്തിൽ വാർഡിലെ എല്ലാ അംഗങ്ങളെയും പങ്കാളികളാക്കി കൊണ്ട് എല്ലാ വീടുകളും വിഷ രഹിത പച്ചക്കറി ഉല്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതാണ് അടുക്കളത്തോട്ടം ചലഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.