* അനൗപചാരിക വിദ്യാഭ്യാസത്തിന് ആദ്യമായി കരിക്കുലം തയാറാകുന്നു
അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാന്‍ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം നിര്‍മ്മാണത്തിനായുള്ള ശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകള്‍ ഉത്പാദിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം. മനസ്സുകളെ വിവിധ സാംസ്‌കാരിക തലങ്ങളിലേക്ക് നയിക്കാന്‍ ഉതകുന്ന തരത്തിലാകണം കരിക്കുലം രൂപപ്പെടുത്തേണ്ടത്. പ്രാദേശിക അറിവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും ജീവിതവുമായി ബന്ധമുള്ളതും സമൂഹത്തിന്റെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതുമാവണം അനൗപചാരിക വിദ്യാഭ്യാസം. ഭാഷ, ആസ്വാദനം, സാങ്കേതികവിദ്യ, വിവരവിനിമയം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ പുതിയ കരിക്കുലം അനുസരിച്ച് ആരംഭിക്കണം. കരിക്കുലത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തുല്യതാ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കണം. ഔപചാരിക- അനൗപചാരിക വിദ്യാഭ്യാസം ഒരു പൊതുധാരയില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയെന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അനൗപചാരിക വിദ്യാഭ്യാസ കരിക്കുലം സമീപനരേഖയുടെ കരട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അവതരിപ്പിച്ചു.
   തുടര്‍ന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ എ.ഷാജഹാന്റെ നേതൃത്വത്തില്‍ കരട് സമീപനരേഖയില്‍ നടന്ന ചര്‍ച്ചയില്‍  ആസൂത്രണബോര്‍ഡ് അംഗം ഡോ.ബി. ഇക്ബാല്‍, കേരള മഹിള സമഖ്യ സൊസൈറ്റി ഡയറക്ടര്‍ പി.ഇ. ഉഷ, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ വിനീഷ് ടി.വി, ടി.എം.ജെ.എം ഗവ.കോളജ് പ്രിന്‍സിപ്പല്‍ എന്‍.ഷാജി, പാലോട് രവി, ഡോ.കെ.മുഹമ്മദലി, ഡോ.രാമകൃഷ്ണന്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ അബുരാജ്, യൂണി.കോളജ് അസി.പ്രൊഫസര്‍ ഡോ.കെ.മുഹമ്മദലി അസ്‌ക്കര്‍, ഹരിതകേരളം മിഷന്‍ കന്‍സല്‍റ്റന്റ് എന്‍.ജഗജീവന്‍, ഡോ.വിന്‍സന്റ് പി.ജെ, ആനന്ദി ടി.കെ, ബാബു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.   ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും കരിക്കുലത്തിന് അന്തിമരൂപം നല്‍കുക.