ആലപ്പുഴ: വിമാനത്താവളങ്ങളില്‍ നിന്നും കപ്പല്‍ തുറമുഖങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളില്‍ ജില്ലയിലുളളവരെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കുന്നതിന് കളക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിച്ചതായി ജില്ല കളക്ടര്‍ എം.അഞ്ജന അറിയിച്ചു. ഇപ്രകാരം മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍ വിമാനം/ കപ്പല്‍ എത്തുന്ന ജില്ലകളില്‍നിന്നുളള അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഇവരെ ജില്ലയില്‍ സ്വീകരിച്ച് കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റേണ്ടവരെ പ്രത്യേകം വാഹനം സജ്ജീകരിച്ച് മാറ്റുവാനും വീടുകളില്‍ നിരീക്ഷണത്തിനായി ഇളവുകള്‍ ലഭിച്ചവരെ അവരുടെ ചെലവില്‍ പ്രത്യേക വാഹന സൌകര്യം ഏര്‍പ്പെടുത്തി വീടുകളില്‍ എത്തിച്ച് തുടര്‍ നിരീക്ഷണം നടത്തുവാനുമുളള നടപടികളും ചാര്‍ജ് ആഫീസര്‍മാരുടെ നേതൃത്വത്തില്‍ ഈ സെല്ലിലാണ് നടന്നുവരുന്നത്. തുടര്‍ന്ന് വേണ്ട മെഡിക്കല്‍ പരിശോധന നടത്തി രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുളളവരെയും രോഗലക്ഷണങ്ങള്‍ ഉളളവരെയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നു.
• കോവിഡ് കെയര്‍ സെന്‍ററുകളില്‍ പ്രവേശിപ്പിച്ച പ്രവാസികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൌകര്യങ്ങളും നല്‍കുവാനുളള നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൌകര്യം ആവശ്യമുളളവര്‍ക്ക് തങ്ങളുടെ ചെലവില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുവാന്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉളള സ്ഥാപനങ്ങളും സജ്ജമാക്കുന്നുണ്ട്. നിലവില്‍ കെ.ടി.ഡി.സി യുടെ കളപ്പുരയിലുളള റിപ്പിള്‍ ലാന്‍ഡ് ഹോട്ടല്‍ ഇപ്രകാരം സജ്ജമാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.