കൂടുതൽ എളുപ്പത്തിൽ വെള്ളക്കരം ഓൺലൈനായി അടയ്ക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ
ഇ-പേയ്മെന്റ് സംവിധാനം പരിഷ്കരിച്ചു. മൊബൈൽ സ്ക്രീനുകൾക്ക് കൂടി അനുയോജ്യമാകും വിധമാണ് വെബ്‌സൈറ്റ് പരിഷ്കരിച്ചിട്ടുള്ളത്.
ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ കണ്സ്യൂമർ നമ്പറുമായി ബന്ധിപ്പിക്കാനും വെബ് സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് ബില്ലുകൾ സംബന്ധിച്ച അറിയിപ്പുകൾ എസ്എം എസ് മുഖേന ലഭ്യമാക്കും.
ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കണം. വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് (ഒരു ബില്ലിൽ പരമാവധി 100 രൂപ) ലഭിക്കും.
ബിൽ ഭാരത് ബിൽ പേ സംവിധാനം വഴിയും, പേടിഎം, പൈസ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും, അധികചാർജില്ലാതെ ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും വെള്ളക്കരം അടയ്ക്കാനാകും.ഓൺലൈൻ പണമിടപാട് സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 8547638282, 8547001220 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകൾ, മറ്റു കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകൾ എന്നിവ പരമാവധി ഓണ്‍ലൈനായി അടക്കണം.
വാട്ടർ അതോറിറ്റിയെ സംബന്ധിച്ച പൊതു പരാതികൾ 1916 എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കേണ്ടതാണ്.