എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാകുന്ന വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളുടെയും കാനകളുടെയും നവീകരണവും നിര്‍മ്മാണവും അടങ്ങിയ ഒന്നാംഘട്ടത്തിലെ 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുകുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, കോയിത്തറ കനാല്‍, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇടപ്പള്ളിതോടിലെ തടസ്സങ്ങൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ലുലു മാളിന് സമീപം തുടക്കമായി. ഇടപ്പള്ളിതോടിലെ പാലങ്ങൾക്ക് കീഴിലുള്ള തടസ്സങ്ങൾ നീക്കിയും ചെളിനീക്കം ചെയ്തും തോടിലെ ഒഴുക്ക് സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ബാജി ചന്ദ്രൻ എന്നിവർ പ്രദേശം സന്ദർശ്ശിച്ച് പദ്ധതി പുരോഗതി വിലയിരുത്തി. മാസാവസാനത്തോടെ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മഴക്കാലത്തിന് മുന്നേ പ്രധാനതോടുകളിലെ തടസ്സങ്ങള്‍ മാറ്റി കായലിലേക്കുള്ള ഒഴുക്ക് സുഗമമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നഷ്ടമായ തൊഴില്‍ ദിനങ്ങള്‍ തിരികെ പിടിക്കുംവിധം യുദ്ധകാല അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് പ്രധാന തോടുകളിലെ പ്രവൃത്തികള്‍ വിലയിരുത്തുന്നത്.

റെയില്‍വേ ലൈനിന് കുറുകേയുള്ള കള്‍വര്‍ട്ടുകളിലെ തടസ്സങ്ങള്‍ ജെറ്റിംഗ് മുഖേനെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

ജില്ലാ ദുരന്തനിവാരണ സമിതിയുടെ കീഴിൽ വിവിധ വകുപ്പുകളിലെ 11 എക്സി. എഞ്ചിനീയർമാർ ഉൾപ്പെടുന്ന സാങ്കേതിക സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.