ആലുവ : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ ഫ്ളാറ്റ് സമുച്ചയമായ ഫെഡറല്‍ ഗ്രീനില്‍ ആരംഭിച്ച ഗ്രോബാഗ് കൃഷിയുടെ നടീല്‍ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. കോവിഡ് വൈറസ്ബാധയെ തുടര്‍ന്നുണ്ടാവാന്‍ സാധ്യതയുള്ള ഭക്ഷ്യപ്രതിസന്ധിയെ നേരിടുന്നതിനും, ഭക്ഷ്യോല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സുഭിക്ഷകേരളം പദ്ധതി.

സിഡന്‍സ് അസ്സോസിയേഷനുകളിലും ഫ്ളാറ്റുകളിലും അവരവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുവാന്‍ സാധിക്കണമെന്നും എല്ലാ തരിശുഭൂമികളും കൃഷിയോഗ്യമാക്കി മാറ്റി പച്ചക്കറി ഉത്പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നമുക്ക് കഴിയണമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജി.ഡി.ഷിജു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍, വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍, അനില്‍.സി.വി, ഫെഡറല്‍ ബാങ്ക് ഗ്രീന്‍ അസ്സോസിയേഷന്‍ പ്രസിഡന്‍റ് രമേഷ് കുമാര്‍, ജില്ലാ കൃഷി ഓഫീസര്‍ ശ്രീലത.പി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബബിത, അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി തോമസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ അനിതകുമാരി, കൃഷി ഓഫീസര്‍ അതുല്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.കെ.ബാബു, സി.പി.ഐ. മണ്ഡലം പ്രസിഡന്‍റ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.