ആലപ്പുഴ: ഡെല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തിയ 49 ആലപ്പുഴ ജില്ലക്കാരെ നിരീക്ഷണത്തിലാക്കാന്‍ കുറ്റമറ്റ എകോപനമാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ന് (മെയ് 15) ന് രാവിലെയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തിയ യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റിലും എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റിലും എത്തിച്ചത്.
എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജില്ലക്കാരായ 38 പേരെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റില്‍ എത്തിച്ചു. ഇതില്‍ മൂന്ന് പേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററിലും ഒരാളെ കുട്ടനാട് താലൂക്കിലെ കോവിഡ് കെയര്‍ സെന്ററിലും പ്രവേശിപ്പിച്ചു. വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമില്ലാത്തവരെയാണ് കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. 34 പേരെ വീടുകളില്‍ ഐസൊലേഷനില്‍ വിട്ടു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 14 യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റില്‍ എത്തിച്ചു. മൂന്ന് പേര്‍ കൊല്ലം ജില്ലക്കാരായിരുന്നു. ബാക്കിയുള്ള പതിനൊന്ന് പേരില്‍ രണ്ട് പേരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാര്‍ത്തികപ്പള്ളി താലൂക്കിലെ കോവിഡ് കെയര്‍ സെന്ററിലും ഒരാളെ കുട്ടനാട് താലൂക്കിലെ കോവിഡ് കെയര്‍ സെന്ററിലുമാണ് പ്രവേശിപ്പിച്ചത്.
ആലപ്പുഴ, കായംകുളം ബസ് സ്റ്റാന്റുകളില്‍ ട്രെയിനില്‍ വന്ന യാത്രക്കാരുടെ നിരീക്ഷണം എകോപിപ്പിക്കാനായി ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴ ബസ് സ്റ്റാന്റില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പുലര്‍ച്ചെ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നോഡല്‍ ഓഫീസര്‍മാരായ അമ്പലപ്പുഴ തഹസില്‍ദാര്‍ കെ ആര്‍ മനോജും കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ഡി സി ദിലീപ്കുമാറും അതത് ബസ് സ്റ്റാന്റുകളില്‍ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, കെഎസ്ആര്‍ടിസി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ തന്നെ സജീവമായി രംഗത്തുണ്ടായിരുന്നു.
ട്രെയിന്‍ യാത്രക്കാരുടെ വിശദവിവരങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ട്രെയിൻ യാത്രക്കാരെ ഓരോരുത്തരെയും കൺട്രോൾ റൂമിൽ നിന്നും നേരിട്ട് വിളിച്ചിരുന്നു. അപ്പോഴാണ് നേരത്തെ ലഭിച്ച പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരിൽ പലരും എറണാകുളം സ്റ്റേഷനിൽ ഇറങ്ങാൻ താത്പര്യപ്പെടുന്നുവെന്നറിഞ്ഞത്. അതോടെ കലക്ടർ എം. അഞ്ജന എറണാകളം കലക്ടറുമായി ബന്ധപ്പെടുകയും കൂടുതൽ കെ എസ് ആർടിസി ബസുകൾ എറണാകുളം – ആലപ്പുഴ റൂട്ടിൽ സജ്ജീകരിക്കാനുള്ള നടപടികളെടുക്കുകയും ചെയ്തു.
വരുന്ന വ്യക്തിയുടെ താമസസ്ഥലം, വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ടോ, വാഹനം എവിടെ നിന്നാണ് വ്യക്തിയെ കയറ്റുക, ക്വോറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ വിശദ വിവരങ്ങള്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ സന്നദ്ധസേവകരാണ് തയ്യാറാക്കിയത്.
ഇവ ജില്ല മെഡിക്കല്‍ ഓഫീസര്‍, പോലീസ്, റവന്യൂ, ഹെല്‍പ്പ് ഡെസ്‌ക് എന്നിവര്‍ക്ക് കൈമാറിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം യാത്രക്കാരെ വിവിധ ബസുകളില്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും കെ എസ്ആര്‍ടിസിയുടെയും അതത് നോഡല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
ബസ് സ്റ്റാന്റുകളിലെത്തിയ യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്കാനുള്ള സംവിധാനം എര്‍പ്പെടുത്തിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ, യാത്രക്കാര്‍ എത്തുന്നതിനു മുന്‍പ് തന്നെ അതത് ബസുകളിലെ സീറ്റുകളില്‍ വച്ചിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ വീടുകളിലേക്ക് പോയവര്‍ക്കുള്ള മാര്‍ഗരേഖ അതത് വാഹനങ്ങളിലും നേരത്തെ തന്നെ നല്കി.
ഹോം ക്വാറൈന്റന്‍/ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള ടീമുകള്‍ സജീവമായി രംഗത്തുണ്ട്.
ആലപ്പുഴ ബസ് സ്റ്റാന്റില്‍ നിന്ന് യാത്രക്കാരെ വീടുകളിലേക്ക് വിടാനായി കായംകുളം, അരൂര്‍, എടത്വ, ചെങ്ങന്നൂര്‍ റൂട്ടുകളിലാണ് കെ എസ് ആര്‍ടിസി ബസ് എര്‍പ്പെടുത്തിയത്. കോവിഡ് കെയര്‍ സെന്ററുകളിലേക്ക് പോകുന്നവരെ അവിടെയെത്തിക്കാനായി ആംബുലന്‍സും എര്‍പ്പെടുത്തിയിരുന്നു. മൈനാകപ്പള്ളി, നൂറനാട് റൂട്ടുകളിലായി രണ്ട് കെ എസ്ആര്‍ടിസി ബസുകളാണ് യാത്രക്കാരെ വീട്ടിലെത്തിക്കാനായി കായംകുളം ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെട്ടത്. അധികം അകലെയല്ലാതെ വീടുകളുള്ളവരെ കൊണ്ടു വിടാന്‍ ആംബുലന്‍സും രംഗത്തുണ്ടായിരുന്നു.
ബസ്സുകള്‍ തിരിച്ചെത്തിയ ശേഷം കെഎസ്ആര്‍ടിസിയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം നടത്തി. ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്നും പോലീസ് ഉറപ്പാക്കിയിരുന്നു.