കാക്കനാട്: 2016-17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി എറണാകുളം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുളള അര്‍ഹതാമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. 2016-17 വര്‍ഷം ജില്ലാ പഞ്ചായത്തിന് ബഡ്ജറ്റ് വിഹിതമായി 46,71,40,532/- രൂപയാണ് ലഭ്യമായിരുന്നത്.
ജില്ലയില്‍ നിരവധി ശ്രദ്ധേയമായ പദ്ധതികളാണ് ജില്ല പഞ്ചായത്ത് നടപ്പാക്കി വരുന്നത്. വയോജനങ്ങള്‍ക്കായുളള ജെറിയാട്രിക് സെന്റര്‍ പോലുളള പ്രത്യേക പദ്ധതികള്‍ ജില്ല പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. ഐഎവൈ പോലുളള ഭവനപദ്ധതികളില്‍ 100% തുക ചെലവഴിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി വനിതാക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തുണിസഞ്ചി നിര്‍മ്മാണം നടപ്പിലാക്കി. എസ്.സി. വനിതകള്‍ക്ക് ഖാദി വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ക്കുളള പദ്ധതി നടപ്പിലാക്കി വരുന്നു. ജൈവപച്ചക്കറി കൃഷി വ്യാപനത്തിനായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പൊതുശ്മശാന നിര്‍മ്മാണ പദ്ധതികള്‍ പുരോഗമിക്കുന്നു.
ആരോഗ്യ മേഖലയില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആശുപത്രി പരിപാലനം, എന്നിവയുടെ അടിസ്ഥാനത്തില്‍ 2016-17 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വൃദ്ധര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായുളള വിവിധ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഫെബ്രുവരി 19 ന് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അവാര്‍ഡ് ഏറ്റു വാങ്ങും.