എന്റെ പച്ചക്കറി എന്റെ വീട്ടിൽ എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി. ടൂൾ കിറ്റിന്റെ വിപണനോദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക്കിന് നൽകി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ.കെ.ടി.ജലീൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പൊതുവിപണിയിൽ 1586 രൂപ വിലവരുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റ് 985 രൂപയ്ക്കാണ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) വിപണനം നടത്തുന്നത്. ചെറിയ ഹാൻഡ് ട്രൊവൽ, പ്രൂണിംഗ് സെകട്ടർ റോൾ കട്ട്, ഹാൻഡ് കൾട്ടിവേറ്റർ, സ്പ്രേയർ, വാട്ടറിംഗ് കാൻ, ഹൊ-വിത്ത് ഡിഗ്ഗർ, ഫോൾഡിംഗ് സ്റ്റൂൾ എന്നീ ഉപകരണങ്ങളാണ് കിറ്റിലുള്ളത്.സ്ത്രീകൾക്കും കുട്ടികൾക്കും വരെ അനായാസേന ഇത് ഉപയോഗിക്കാനാകും. നഗരങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും യുവാക്കളെ കൂടുതൽ കൃഷിയിലേക്ക് ആകർഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനുകൽ നിന്നും കാംകോ ഔട്ട്ലെറ്റുകളിൽ നിന്നും കിറ്റുകൾ വാങ്ങാം.