എറണാകുളം :  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി ജില്ല ഭരണകൂടം പുറത്തിറക്കിയ ‘ അരികിൽ ‘ ഷോർട് ഫിലിമിന് അഭിനന്ദന പ്രവാഹം. കളക്ടർ എസ്. സുഹാസിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്ത ഷോർട് ഫിലിം കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയത്.

അമൃത് രാജ് സംവിധാനം ചെയ്ത് സണ്ണി വെയിൻ, താര അമല ജോസഫ്, ജെസ് സ്വീജൻ, നീരജ രാജേന്ദ്രൻ, എൻ. വി രാജേന്ദ്രൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ പിന്തുടരേണ്ട മാനദണ്ഡങ്ങളെ കാണിച്ചു തരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കമൊഴിവാക്കി കൊണ്ട് തന്നെ സഹാനുഭൂതിയും കരുതലും സ്നേഹവും പങ്കു വെക്കാൻ സാധിക്കണം എന്ന ഹൃദ്യമായ സന്ദേശമാണ് ‘അരികിൽ ‘ പറയുന്നത്.

നാടിന്റെ നിലനില്പിൽ പങ്കാളികളായ പ്രവാസികൾ മടങ്ങി വരുമ്പോൾ അവർക്ക് കരുതലോടെ സൗകര്യങ്ങൾ ഒരുക്കാം എന്ന ജില്ല കളക്ടർ എസ്. സുഹാസിന്റെ സന്ദേശത്തോടു കൂടിയാണ് ചിത്രം അവസാനിക്കുന്നത്. ഒപ്പം വീടുകളിൽ നിരീക്ഷണത്തിന് എത്തുന്ന ആളുകൾ പിന്തുടരേണ്ട കാര്യങ്ങളും കുടുംബാംഗങ്ങൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും ചിത്രം പങ്കു വെക്കുന്നു