എറണാകുളം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആർദ്രം ആരോഗ്യ ജാഗ്രത ജനകീയ കാമ്പയിൻ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തുന്നതിനും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാ കലക്ടർ എസ്.സുഹാസിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗം ചേർന്നും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും, റസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ, ക്ഷീര കർഷകർ, തുടങ്ങിയവർക്ക് മഴക്കാല രോഗ പ്രതിരോധം സംബന്ധിച്ച് വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. ജില്ലയിൽ അടുത്തിടെ നടന്ന സംശയാസ്പദമായ രണ്ടു എലിപ്പനി മരണങ്ങൾ സംഭവിച്ചത് ലോക്ക് ഡൗൺ കാലയളവിൽ വിനോദത്തിനായി മലിനമായ ജലാശയങ്ങളിൽ ചൂണ്ടയിടാൻ പോയവർ ആണെന്നതിനാൽ എലിപ്പനി സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനമായി.
ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എൻ. കെ. കുട്ടപ്പൻ, അഡീഷനൽ ഡി. എം. ഒ ഡോ. എസ്. ശ്രീദേവി, ജില്ലാ സർവൈലൻസ് ഓഫിസർ II ഡോ. വിനോദ് പൗലോസ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.