കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് 31 അര്‍ധ രാത്രി വരെ നീട്ടിയതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ താഴെ പറയുന്ന നിയന്ത്രണങ്ങളോടെയാണ് ജില്ലയില്‍ നിരോധനാജ്ഞ തുടരുക.
നിയന്ത്രണങ്ങള്‍
• രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ജില്ലാപൊലീസ് മേധാവി നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും.
• ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കരുത്. എന്നാല്‍ ആരാധനാലയങ്ങളില്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വിവാഹ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്താം.
• ജലഗതാഗതം ഉള്‍പ്പെടെ പൊതുഗതാഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ.
• സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേര്‍ക്കും കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും സഞ്ചരിക്കാം. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ. കുടുംബമാണെങ്കില്‍ മൂന്ന് പേരെ അനുവദിക്കും. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ രണ്ട് പേര്‍ക്കും സഞ്ചരിക്കാം.
• ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
• കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. ഇത്തരത്തില്‍ യാത്ര നടത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈനിന് വിധേയരാകണം.
• ടെലിവിഷന്‍ പ്രൊഡക്ഷന്‍ യൂനിറ്റുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിങ് നിബന്ധനകളോടെ നടത്താം.
• വിവാഹചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 10 പേരെയും പങ്കെടുപ്പിക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും അനുബന്ധ ചടങ്ങുകളില്‍ പരമാവധി 10പേരുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
• ജോലിസ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. പ്രവേശന കവാടം, വാതിലുകള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവ ഓരോ ഷിഫ്റ്റ് കഴിയുമ്പോഴും അണുവിമുക്തമാക്കണം.
• ജോലിസ്ഥലങ്ങള്‍ക്ക് സമീപമുള്ള കോവിഡ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍ എന്നിവ സംബന്ധിച്ചുള്ള ലിസ്റ്റ് സ്ഥാപനങ്ങളിലുണ്ടാവണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ജീവനക്കാരെ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ ക്വാറന്റൈന്‍ ചെയ്യുന്നതിന് പ്രത്യേക കേന്ദ്രം മുന്‍കൂട്ടി തയ്യാറാക്കണം.
• ബ്രേക്ക് ദ ചെയിന്‍ ഉറപ്പുവരുത്തുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും സജ്ജീകരിക്കണം.
• ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി ഓണ്‍ലൈന്‍ പാഴ്‌സല്‍ മുഖാന്തിരം ആഹാരം എത്തിക്കുന്നതിന് അടുക്കള തുറന്ന് പ്രവര്‍ത്തിപ്പിക്കാം.ടേക്ക് എവെ കൗണ്ടറുകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ അനുവദിക്കും. രാത്രി 10 വരെ ഓണ്‍ലൈന്‍, ഡോര്‍ ഡെലിവറി നടത്താം.