ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകേന്ദ്ര മാറ്റത്തിന് അപേക്ഷിച്ചവർക്ക് മാനദണ്ഡങ്ങൾക്കനുസൃതം അനുവദിച്ച പുതിയ പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് https:// sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.inഎന്നീ വെബ്‌സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിലൂടെ ലഭ്യമാകും. പുതിയ പരീക്ഷകേന്ദ്രം അനുവദിക്കുന്ന വ്യക്തിഗത സ്ലിപ്പ് Centre Allot Slip എന്ന ലിങ്കിലൂടെ പ്രിന്റ് എടുക്കാം.

പുതിയ പരീക്ഷകേന്ദ്രത്തിൽ പരീക്ഷ എഴുതാൻ നിലവിലുള്ള ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ നിന്നു ലഭിക്കുന്ന Centre Allot Slipഉം സഹിതമാണ് ഹാജരാകേണ്ടത്. ഏതെങ്കിലും പരീക്ഷാർത്ഥിക്ക് ഹാൾടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തിൽ Centre Allot Slipഉം ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം ഹാജരായാൽ മതിയാകും. 2020 മാർച്ചിലെ പൊതുപരീക്ഷകൾക്ക് പരീക്ഷസഹായം അനുവദിച്ചിട്ടുള്ള സി ഡബ്ള്യു എസ് എൻ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ പുതിയ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്/ ഇന്റർപ്രട്ടർ സേവനം ആവശ്യപ്പെടേണ്ടതാണ്.

ഇപ്രകാരം അപേക്ഷകൾ ലഭിച്ചാൽ ചീഫ് സൂപ്രണ്ടുമാർ മാതൃപരീക്ഷകേന്ദ്രത്തിൽ ബന്ധപ്പെട്ട വിദ്യാർത്ഥിക്ക് പരീക്ഷസഹായം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കി പുതിയ കേന്ദ്രത്തിൽ തുടർ നടപടികൾ കൈക്കൊള്ളേണ്ടതാണ്. പുതിയ പരീക്ഷകേന്ദ്രം സൂപ്രണ്ടിന് ഇക്കാര്യത്തിൽ മാതൃവിദ്യാലയത്തിലെ പ്രഥമാധ്യാപകൻ വിശദ വിവരങ്ങൾ കൈമാറേണ്ടതാണ്.