എറണാകുളം: ജില്ലയിലെ ടാക്‌സി മേഖലയിലെ ആശങ്കള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ജില്ലയിലെ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ഓട്ടോ റിക്ഷകളിലും ടാക്‌സികളിലും പാലിക്കേണ്ട ആരോഗ്യ മാനദണ്ഡങ്ങള്‍ വിലയിരുത്തി. ടാക്സി സ്റ്റാന്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഓണ്‍ലൈന്‍ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, കറന്‍സി നോട്ടുകളുടെ വിനിമയം കഴിയുന്നത്ര കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.

ടാക്‌സികളില്‍ യാത്രികരെയും ഡ്രൈവറെയും വേര്‍തിരിക്കുന്ന സംരക്ഷണ ഭിത്തി സ്ഥാപിക്കുന്നതിനായി സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ജില്ലയിലെ ഓട്ടോ, ടാക്‌സി മേഖലയിലെ വിവിധ സംഘടനാ നേതാക്കള്‍, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ മാത്യൂസ് നുമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.