എറണാകുളം: നിർമ്മാണം പൂർത്തിയായ കാക്കനാട് , പുതു വൈപ്പിൻ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. തിരുവനന്തപുരം ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സംസ്ഥാനത്താകെ ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തിയായ 14 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

വേഗത്തിലും ആധുനികമായും കൃത്യതയോടെയും ഉത്തരവാദിത്വമായും സുതാര്യമായും സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് പേരുപോലെ സ്മാർട്ടായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു. സർക്കാർ അധികാരത്തിലെത്തിയപ്പോൾ 271 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനമാണ് നടത്തിയത്. ഇതിൽ നിരവധി എണ്ണം നിർമ്മാണം പൂർത്തിയാക്കി. ഇത് കൂടാതെ 180 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ആക്കി മാറ്റാൻ തീരുമാനമെടുത്തു. നിലവിൽ 400 നടുത്ത് ഓഫീസുകളുടെ പ്രവർത്തനം പൂർത്തീകരിക്കാൻ സർക്കാരിന്കഴിഞ്ഞു. ബാക്കിയുള്ള 50 എണ്ണത്തിൻ്റെ നിർമ്മാണത്തിനുള്ള തുക അനുവദിച്ചിട്ടുണ്ട്‌. 230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റ പണികൾ തീർത്തു. 230 എണ്ണത്തിൻ്റെ ചുറ്റു മതിൽ നിർമ്മാണവും പൂർത്തിയാക്കി. 267 വില്ലേജ് ഓഫീസുകൾക്ക് കൂടുതൽ മുറികൾ നിർമ്മിച്ചു നൽകിയതായും മന്ത്രി അറിയിച്ചു.
കാക്കനാട് വില്ലേജ് ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കളക്ടർ എസ്.സുഹാസ് , എ.ഡി.എം. കെ ചന്ദ്രശേഖരൻ നായർ, കണയന്നൂർ തഹസിൽദാർ ബീന.പി.ആനന്ദ്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ പ്രവീൺ എന്നിവർ പങ്കെടുത്തു.