നടപടികൾ ഓൺലൈനിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അർഹരായ ആളുകൾക്ക് ഏറ്റവും ലളിതമായ നടപടിക്രമങ്ങൾ പാലിച്ച് ലഭ്യമാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപേക്ഷകൾ ഓൺലൈനായി നൽകുകയും ചികിത്സാസംബന്ധമായ റിപ്പോർട്ട് തേടൽ അടക്കമുള്ള നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കുകയുമാണ് ചെയ്യുന്നത്. അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കും. സഹായ തുകയിലും വർധന വരുത്തിയിട്ടുണ്ട്.
ആരുടെയും സഹായം തേടാതെ സ്വന്തമായി ഓൺലൈനിലൂടെ അപേക്ഷ നൽകി സഹായം നേടാമെന്നതാണ് ഈ സർക്കാർ വന്നശേഷം ദുരിതാശ്വാസ നിധിയുടെ വിതരണത്തിൽ ഉണ്ടായ മാറ്റം. ദുരിതം അനുഭവിക്കുന്നവർക്കാണ് സഹായം. അതുകൊണ്ട് തകർന്നുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും അപകടമേൽക്കൂരയുള്ള കിടപ്പാടത്തിൽ ജീവൻ പണയംവെച്ച് കഴിയുന്ന മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് അടച്ചുറപ്പുള്ള പാർപ്പിടം നൽകാനും ഈ നിധിയിൽനിന്ന് തുക വിനിയോഗിക്കുന്നുണ്ട്. അതെല്ലാം തിരിച്ചറിഞ്ഞ് കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ മനസ്സുനിറഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന അനുഭവമാണ് ഈ കോവിഡ് കാലത്ത് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.